സോന്‍ഭദ്ര വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബം പ്രിയങ്കയെ സന്ദര്‍ശിച്ചു, പ്രിയങ്കയെ മോചിപ്പിച്ചുവെന്ന് യുപി പോലീസ്

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുന്നതടക്കം അഞ്ച് ആവശ്യങ്ങള്‍ പ്രിയങ്കയും സംഘവും മുന്നോട്ട് വച്ചിട്ടുണ്ട്.

സോന്‍ഭദ്ര വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബം പ്രിയങ്കയെ സന്ദര്‍ശിച്ചു, പ്രിയങ്കയെ മോചിപ്പിച്ചുവെന്ന് യുപി പോലീസ്

പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചുവെന്നും അവര്‍ക്ക് എവിടെ പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും യുപി സര്‍ക്കാര്‍. ഗസ്റ്റ് ഹൗസില്‍ വച്ച് പ്രിയങ്കയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം യുപി സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. സോന്‍ഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഇന്നലെ രാത്രി മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.

ഇന്ന് രാവിലെ സോന്‍ഭദ്ര സന്ദര്‍ശിക്കാന്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച പ്രിയങ്കയെ പോലിസ് തടഞ്ഞു. എങ്കിലും ഉന്നത തലത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഗസ്റ്റ് ഹൗസിലെത്തിക്കാനും പരസ്പരം കാണാനും സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സോന്‍ഭദ്രയിലെ കൊലക്കുത്തരാവാദികള്‍ യോഗി സര്‍ക്കാരാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംഗങ്ങളെ കണ്ട ശേഷം പ്രയങ്ക ആരോപിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുന്നതടക്കം അഞ്ച് ആവശ്യങ്ങള്‍ പ്രിയങ്കയും സംഘവും മുന്നോട്ട് വച്ചിട്ടുണ്ട്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണചെയ്യുക, ആദിവാസികള്‍ക്ക്് പട്ടയം നല്‍കുക, കൊല്ലപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കുക, ഗ്രാമവാസികള്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക- തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

സ്ഥലത്തര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ പത്ത് ആദിവാസികളെ വെടിവച്ച് കൊന്നത് കഴിഞ്ഞ ദിവസമാണ്.

Read More >>