സി.ഒ.ടി നസീർ വധശ്രമം: പൊലീസ് തിരയുന്ന വാഹനത്തിൽ എ.എൻ.ഷംസീർ
കെ.എൽ.07 സി.ഡി 6887 നമ്പർ ഇന്നോവ കാറിലാണ് വധശ്രമ ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന് എം.എന്‍.ഷംസീർ എം.എല്‍.എ എത്തിയത് പൊലീസ് തിരയുന്ന വാഹനത്തില്‍. സി.ഒ.ടി നസീർ വധശ്രമക്കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ് കണ്ടെത്തിയ വാഹനത്തിലാണ് ഇന്നു രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നില്‍ എം.എന്‍.ഷംസീർ വന്നിറങ്ങിയത്. കെ.എൽ.07 സി.ഡി 6887 നമ്പർ ഇന്നോവ കാറിലാണ് വധശ്രമ ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എ.എന്‍.ഷംസീറിന്റെ സഹോദരൻ എ.എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
വാഹനത്തിൽ എം.എൽ.എ ബോർഡ് വയ്ക്കാതെയാണ് ഷംസീര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്. ഈ കാർ ഇതുവരെ കണ്ടെത്താനായില്ലെന്നും വാഹനത്തിനായുള്ള തിരച്ചിലിലാണെന്നുമാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്നില്‍വച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടുത്ത് വച്ചുമാണ് ഇന്നോവയില്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു കേസിൽ അറസ്റ്റിലായ പൊട്ടി സന്തോഷിന്റെ മൊഴി. മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപമാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ.കെ.രാഗേഷും അറസ്റ്റിലായിരുന്നു.
തനിക്കുനേരെയുള്ള വധശ്രമത്തിനു പിന്നില്‍ എം.എന്‍.ഷംസീര്‍ എം.എൽ.എയാണെന്ന് സി.ഒ.ടി നസീര്‍ ആവര്‍ത്തിച്ചിരുന്നു.
"കാര്‍ കസ്റ്റഡിയിലെടുക്കുന്നതിനെ കുറിച്ച് മൂന്നുദിവസം മുമ്പും പൊലീസിനോട് ചോദിച്ചിരുന്നു. രണ്ടുദിവസത്തിനകം കസ്റ്റഡിയിലെടുക്കുമെന്നാണ് സി.ഐ ഉറപ്പുതന്നത്. എന്നിട്ട് ഇതുവരെ കസ്റ്റഡിയിലെടുത്തില്ല. ഷംസീറും പൊലീസും നിയമത്തെ നോക്കുകുത്തിയാക്കുകയാണ്. -സി.ഒ.ടി നസീര്‍ പറഞ്ഞു.