ഇറാൻ-യു.എസ് സംഘർഷം കനക്കുന്നു

വിദേശ കപ്പൽ പിടിച്ചെടുത്തെന്ന് ഇറാൻ, ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടെന്ന് യു.എസ്

ഇറാൻ-യു.എസ് സംഘർഷം കനക്കുന്നു

യു.എസ്സും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടെന്ന് യു.എസ് അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ചേർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ യു.എസ് വിന്യസിച്ച അഞ്ചാം കപ്പൽ പടയിലെ യു.എസ്.എസ് ബോക്സർ യുദ്ധക്കപ്പലാണ് ഇറാന്റെ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയത്. മുന്നറിയിപ്പു അവഗണിച്ചെത്തിയ ആളില്ലാ വിമാനത്തിനുനേരെ സേന വെടിയുതിർക്കുകയായിരുന്നു.

എന്നാൽ ആക്രമണം ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിരോധത്തിന്റെ ഭാഗമായാണ് ആളില്ലാ വിമാനം വെടിവെച്ചിട്ടതെന്നും കപ്പലിന്റെ ആയിരം അടിവരെ വിമാനം എത്തിയിരുന്നുമെന്നും യു.എസ് നാവികസേന വ്യക്തമാക്കി. നേരത്തെ യു.എസ്സിന്റെ ആളില്ലാവിമാനം ഇറാനും തകർത്തിരുന്നു. ഇതിന്റെ പേരിൽ ഇറാനെ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ തങ്ങളുടെ ഡ്രോൺ നഷ്ടപ്പെട്ടതായി ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. പ്രദേശത്ത് അശാന്തിസൃഷ്ടിക്കുകയും നിലവിലെ സ്ഥിതിഗതികൾ ഇറാൻ വഷളാക്കുകയാണെന്നുമാണ് യു.എസ്സിന്റെ നിലപാട്. മദ്ധ്യേഷ്യയിൽ സമാധാനം നിൽനിർത്തേണ്ടതും തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെയാണ് ഇറാൻ അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ചായിരുന്നു ഇറാന്റെ നടപടി. ഇതിനെതിരെ യു.എസ് ശക്തമായി രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പൽ ഉടൻ വിട്ടയക്കണമെന്നും യു.എസ് അന്ത്യശാസനം നൽകി. കപ്പലുകൾക്ക് സ്വൈര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ സമാധാനം ഉറപ്പാക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടത്. യു.എസ്സിന്റെ നീക്കം പുതിയ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.

Read More >>