ഭാരതീയ രസാനുഭൂതികളുടെ ആസ്വാദകർക്ക്ബഷീര്‍ സാഹിത്യം പ്രശ്‌നമാവുന്നതെന്തുകൊണ്ട്?

കെ കെ ബാബുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

ഭാരതീയ രസാനുഭൂതികളുടെ ആസ്വാദകർക്ക്ബഷീര്‍ സാഹിത്യം പ്രശ്‌നമാവുന്നതെന്തുകൊണ്ട്?

കെ കെ ബാബുരാജ്‌

ബഷീർ സാഹിത്യത്തെ'' ഭാരതീയ രസാനുഭൂതിയുടെ ''അളവുകോലുകൾ വെച്ചു വായിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവ വെറും തരം താഴ്ന്നവയായി തോന്നുക സ്വാഭാവികമാണ് .എസ് .ഗുപ്തൻ നായരൊക്കെ ഇപ്രകാരമാണ് വായിച്ചിട്ടുള്ളത് .വി .സി .ശ്രീജൻ ''ഊതി വീർപ്പിച്ച ബലൂണുക''ളായിട്ടാണ് ബഷീർ സാഹിത്യത്തെ കണ്ടത് .എൻ .എസ് മാധവനാകട്ടെ ,സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ആ രചനകളുടെ വിസ്മയകരമായ ഭാവനപരതയെ ചുരുക്കി കാണാനാണ് ശ്രമിച്ചതെന്നു തോന്നുന്നു .ഇതേസമയം ,നവോഥാന ഘട്ടത്തിലെ വ്യക്തി / സമുദായ പരിഷ്കരണത്തിന്റെ തുടർച്ചകളിൽ ഊന്നികൊണ്ടു ബഷീർ സാഹിത്യത്തിനു പുത്തൻ പരിപ്രേഷ്യം നൽകിയവരിൽ പ്രമുഖൻ എം .എൻ .വിജയൻ ആണെന്ന് പറയാം .അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഇന്നും നമ്മുടെ ബഷീർ വായനയുടെ ബഹുജന സ്വഭാവത്തെ നിർണ്ണയിക്കുന്നതിൽ പ്രധാനം .

പുതുകീഴാള വായനകൾ ബഷീർ കൃതികളെ കേവലമായ വ്യക്തി ;സമുദായ പരിഷ്കരണം എന്നതിൽ നിന്നും മാറ്റിയിട്ടുണ്ട് .പ്രണയം ,നൈരാശ്യം മുതലായ യൂണിവേഴ്സൽ കാറ്റഗറികൾ സാഹിത്യത്തെ സംബന്ധിച്ചെടുത്തോളം ഉത്തമ സ്ത്രീ പുരുഷ നിർവചനങ്ങളുടെ ഭാഗമാണല്ലോ .ഇവയെ പുറമ്പോക്കിലേക്ക് വിന്യസിച്ചുകൊണ്ട്' വികാര സാമ്രാജ്യത്തിന്റെ കീഴ്നിലകളെ 'വെളിപ്പെടുത്തുകയാണ് ബഷീർ ചെയ്തത് .അദ്ദേഹത്തിന്റെ കൃതികളിൽ കീഴാളരുടെ ശബ്ദത്തിനും ചലനത്തിനും സവിശേഷ പ്രാധാന്യം ഉണ്ടായത് ഈ കാരണം മൂലമാണെന്ന് തോന്നുന്നു .

ബഷീറിയൻ ലൈംഗീക സൂചകങ്ങൾ സാമാന്യ ബോധത്തെ കുറച്ചൊന്നുമല്ല വിറളിപിടിപ്പിച്ചിട്ടുള്ളത് .പരമ്പരാഗത ലിംഗവ്യവസ്ഥക്ക് പുറത്തുള്ളവരെയും അദ്ദേഹം ലൈംഗീക വ്യവഹാരത്തിന്റെ ഭാഗമാക്കി മാറ്റി . പൊതുബോധത്തിൽ ഇവ ഏൽപിച്ച വിള്ളലുകൾ അളവറ്റതാണ് .

മോഷ്ടാക്കൾ ,തെമ്മാടികൾ ,കുറ്റവാളികൾ ,നിയതമായ ലിംഗ പരിധികളിൽ ഉൾപ്പെടാത്തവർ പോലുള്ള സമുദായങ്ങളെ ഉത്തമ ആണത്തങ്ങൾക്കും പെണ്ണത്തങ്ങൾക്കും കൊഴുപ്പുകൂട്ടുന്നവരായിട്ടല്ല ബഷീർ പ്രതിപാദിച്ചിട്ടുള്ളത് .ഇവരുടെയും കൂടെ'' വിനീത ചരിത്രകാരനായ ''അദ്ദേഹത്തിന്റെ സാഹിത്യം ഇന്നും

ഭാരതീയ രസാനുഭൂതികളുടെ ആസ്വാദകർക്ക് പ്രശ്നമായി തോന്നുന്നതിന് കാരണവും മറ്റൊന്നല്ല .