ജെറ്റ് എയര്‍വേയ്സ് ഓഹരി ഏറ്റെടുക്കല്‍: ജീവനക്കാരുടെ കണ്‍സോര്‍ഷ്യത്തിന് ആദി ​ഗ്രൂപ്പിന്റെ സഹായം

75 ശതമാനം ഓഹരികളിൽ 49 ശതമാനം ആദി ഗ്രൂപ്പും ശേഷിക്കുന്ന 26 ശതമാനം ഓഹരികൾ ജീവനക്കാരുടെ കൺസോർഷ്യവും ഏറ്റെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

ജെറ്റ് എയര്‍വേയ്സ് ഓഹരി ഏറ്റെടുക്കല്‍: ജീവനക്കാരുടെ കണ്‍സോര്‍ഷ്യത്തിന് ആദി ​ഗ്രൂപ്പിന്റെ സഹായം

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ജെറ്റ് എയർവേയ്‌സിനെ രക്ഷിക്കാനുള്ള ജീവനക്കാരുടെ ശ്രമങ്ങൾക്ക് സഹായവുമായി ആദി ഗ്രൂപ്പ്. യു.കെ ആസ്ഥാനമായ ആദി ഗ്രൂപ്പ് ജെറ്റ് എയർവേസിൻറെ 75 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജീവനക്കാരുടെ കൺസോർഷ്യത്തെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) നടപടിക്രമങ്ങൾ പൂർത്തിയായശേഷം ഏറ്റെടുക്കാനാണ് തീരുമാനം. ജൂൺ 20ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാപ്പർ നടപടികളുമായി എൻ.സി.എൽ.ടി മുംബൈ ബെഞ്ചിനെ സമീപിച്ചിരുന്നു. ദ സൊസൈറ്റി ഫോർ വെൽഫെയർ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ്(എസ്.ഡബ്ല്യു.ഐ.പി)യും ജെറ്റ് എയർവേയ്‌സ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയേഴ്‌സ് അസോസിയേഷനുമാണ് ജെറ്റ് എയർവേ്‌സ് ജീവനക്കാരുടെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്നത്.

75 ശതമാനം ഓഹരികളിൽ 49 ശതമാനം ആദി ഗ്രൂപ്പും ശേഷിക്കുന്ന 26 ശതമാനം ഓഹരികൾ ജീവനക്കാരുടെ കൺസോർഷ്യവും ഏറ്റെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

വ്യോമയാന മേഖലയിൽ 49 ശതമാനം വിദേശനിക്ഷേപം മാത്രമാണ് അനുവദനീയമെന്ന് ആദി ഗ്രൂപ്പ് സ്ഥാപകൻ സഞ്ജയ് വിശ്വനാഥൻ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് ജെറ്റ് എയർവേയ്‌സ് പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചത്. കടബാദ്ധ്യതയിൽ നിന്നും കരകയറ്റാൻ ബാങ്കുകളുടെ കൺസോർഷ്യം ഓഹരി വില്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി മറ്റു കമ്പനികളിൽ നിന്നും താല്പ്രര്യ പത്രം ക്ഷണിച്ചുവെങ്കിലും വൻ ബാദ്ധ്യതയുള്ള ജെറ്റിനെ ഏറ്റെടുക്കാൻ ചുരുക്കം ചില കമ്പനികളാണ് മുന്നോട്ടുവന്നത്. എന്നാൽ അവസാനം ഇവയും കൈയ്യൊഴിഞ്ഞതോടെ പാപ്പർ നടപടികളിലേക്കു നീങ്ങുകയായിരുന്നു.