വിശപ്പില്ലാത്ത ലോകത്തിന് പ്രധാന തടസ്സം ഇന്ത്യ. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് യുഎന്‍

ഇന്നത്തെ നിരക്കില്‍ പോവുകയാണെങ്കില്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 31.4 ശതമാനമാവും

വിശപ്പില്ലാത്ത ലോകത്തിന് പ്രധാന തടസ്സം ഇന്ത്യ. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് യുഎന്‍

ലോകത്തെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതില്‍ ഇപ്പോഴും ഇന്ത്യ ഏറെ പിന്നിലാണെന്ന് യുഎന്‍ ഭക്ഷ്യപദ്ധതിയുടെ റിപോര്‍ട്ട്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക് വകുപ്പുമായി ചേര്‍ന്ന് നടത്തിയ പഠനത്തിനു ശേഷം പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് കേന്ദ്ര ഭരണകൂടത്തെ നാണക്കേടിലേക്ക് തള്ളിവിടുന്ന ഈ വിവരമുളളത്. ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നും ഇങ്ങനെ പോവുകയാണെങ്കില്‍ 2022 ആകുമ്പോള്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 31.4 ശതമാനമായി മാറുമെന്നും റിപോര്‍ട്ട് പ്രവചിക്കുന്നു.

യുഎന്‍ ഭക്ഷ്യപദ്ധതിയുടെ വക്താവ് ഹെര്‍വ് വെര്‍ഹൂസെല്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ പുറത്തുവിട്ട റിപോര്‍ട്ടാണ് കുട്ടികളുടെ ആരോഗ്യനിലവാരത്തെ തുറന്നുകാട്ടുന്നത്. ഏഷ്യയിലടക്കം ലോകത്തെ മിക്ക രാജ്യങ്ങളും കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. 2022 ഓടുകൂടി ലോകത്തെ കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കണമെന്നാണ് യുഎന്‍ അംഗരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും തടസ്സം 130 കോടിയോളം ജനങ്ങളുള്ള ഇന്ത്യയാണ്.

അതേസമയം ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യം നേരത്തെ കൈവരിച്ചു കഴിഞ്ഞു. കേരളവും ഗോവയും ലക്ഷ്യം കൈവരിച്ചുവെങ്കിലും ബീഹാര്‍(48%), ഉത്തര്‍പ്രദേശ് (46%), ജാര്‍ക്കണ്ഡ്(45%), മേഘാലയ(44%) തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണ്.

ഭക്ഷ്യധാന്യങ്ങളുടെ ഉദ്പ്പാദനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ ഇക്കാലത്തും പോഷകാഹാരക്കുറവ് ഉണ്ടായതിനു പിന്നില്‍ വര്‍ദ്ധിച്ചുവരുന്ന കയറ്റുമതിയും ജനങ്ങളില്‍ക്കിടയിലുള്ള സാമ്പത്തിക, സാമൂഹിക അസമത്വവുമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read More >>