മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ചു

ഇന്റോറില്‍ ഭൂമിക്കയ്യേറ്റവുമായി ബന്ധപ്പെട്ട് നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ് എംഎല്‍എയും ഗുണ്ടകളും മര്‍ദ്ദിച്ചത്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ചു

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ബിജെപി എംഎല്‍എ ആകാഷ് വിജയ്‌വര്‍ഗിയയെ ഇന്റോറില്‍ പോലിസ് അറസ്റ്റ് ചെയ്തു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകനാണ് അറസ്റ്റ് ചെയ്യപ്പെട്ട എംഎല്‍എ ആകാഷ്.

എംഎല്‍എയ്ക്കു മറ്റ് 10 പേര്‍ക്കുമെതിരേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഇന്റോറില്‍ ഭൂമിക്കയ്യേറ്റവുമായി ബന്ധപ്പെട്ട് നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ് എംഎല്‍എയും ഗുണ്ടകളും മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സുരക്ഷാജീവനക്കാര്‍ തടഞ്ഞിട്ടും അവരെ തള്ളിമാറ്റി ഓഫിസറെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണെന്ന് പോലിസ് പറഞ്ഞു.

കയ്യേറ്റത്തിനെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഗഞ്ജ് പ്രദേശത്തെ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട് തകര്‍ക്കുന്നതിനിടയിലാണ് എംഎല്‍എയും സംഘവും എത്തിയത്. മണ്‍സൂണ്‍ കാലമായതിനാല്‍ തകരാനിടയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും മറ്റ് ജോലിക്കാരും.

ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായാണ് കെട്ടിടം തകര്‍ത്തതെന്നാണ് എംഎല്‍എയുടെ വാദം. കെട്ടിമുടമ കെട്ടിടനികുതി അടക്കുന്നുണ്ടെന്നും അതില്‍ ഏകാനും പേര്‍ താമസിച്ചു വരുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചു. ഉദ്യോഗസ്ഥരെ തങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്നും തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും എംഎല്‍എ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ ഇനിയും അടിവാങ്ങിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കി.

ബിജെപി നേതാവായ ഹിതേഷ് ബാജ്പയ് എംഎല്‍എയുടെ നടപടിയെ ന്യായീകരിച്ചു. ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച എംഎല്‍എയെ തടവറയിലാക്കാം, പക്ഷേ, കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

Read More >>