നിപ്പയില്‍ മുങ്ങി റംബുട്ടാന്‍ വിപണി:

സ്‌കൂൾ തുറപ്പിനോടനുബന്ധിച്ചുവരുന്ന മാസങ്ങളിലാണ് റംബുട്ടാൻ സീസണിന്റെ തുടക്കം. കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായ ഒരു പരിചരണവും ഇല്ലാതെ ലഭിച്ചു വന്ന വരുമാനമാണ് പെട്ടെന്നു നിലച്ചതെന്നു കർഷകർ പറയുന്നു.

നിപ്പയില്‍ മുങ്ങി റംബുട്ടാന്‍ വിപണി:

സ്വന്തം ലേഖകന്‍

നിപ്പ ഭീഷണിയെ തുടർന്ന് റംബുട്ടാൻ വാങ്ങാൻ ആളില്ല. റംബുട്ടാൻ കർഷകർ ആശങ്കയിൽ. മിക്കയിടത്തും പഴുത്തു തുടങ്ങിയ റംബുട്ടാൻ ആർക്കും വേണ്ടാതെ കൊഴിഞ്ഞുപോകുന്നു.

സ്‌കൂൾ തുറപ്പിനോടനുബന്ധിച്ചുവരുന്ന മാസങ്ങളിലാണ് റംബുട്ടാൻ സീസണിന്റെ തുടക്കം. കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായ ഒരു പരിചരണവും ഇല്ലാതെ ലഭിച്ചു വന്ന വരുമാനമാണ് പെട്ടെന്നു നിലച്ചതെന്നു കർഷകർ പറയുന്നു. മലയോര മേഖലക്കൊപ്പം ഇടനാടുകളിലും റംബൂട്ടാൻ കൃഷി വ്യാപകമാണ്.

വടക്കൻ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മൊത്ത കച്ചവടക്കാർ എത്തി വില ഉറപ്പിച്ച് വലയിടുകയായിരുന്നു പതിവ്. എന്നാൽ ഈ തവണ കായ്കൾ പഴുത്തിട്ടും കച്ചവടക്കാർ എത്തിയില്ല. ന്യായമായ വലുപ്പമുള്ള ഒരു മൂടിനു 8000 മുതൽ 12000 രൂപ വരെ ലഭിക്കുമായിരുന്നു. ഇത്തവണ പകുതി വിലപോലും പറയുന്നില്ലന്നു കർഷകർ പറയുന്നു. കച്ചവടക്കാരൻ പറയുന്ന വിലയ്ക്കു ഉറപ്പിക്കാമെന്നു തീരുമാനിച്ചാലും ആവശ്യക്കാരായി ആരേയും കാണുന്നില്ല.

പ്രളയത്തിനു ശേഷം മണ്ണിലുണ്ടായ മാറ്റം, തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ഉൽപാദനക്കുറവ്, കായ്കളുടെ വലുപ്പക്കുറവ്, രുചി വ്യത്യാസം എന്നിവ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളാണ്.

മൂന്നു മുതൽ അഞ്ച് ലക്ഷം രൂപയുടെ വരെ കച്ചവടം നടന്നിരുന്ന തോട്ടത്തിൽ നിന്ന് ഇക്കുറി ഒന്നര ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ. എന്നിവ വിറ്റഴിക്കാൻ വ്യാപാരികളെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥയാണ്. നിപ്പ ബാധയുമായി ബന്ധപ്പെട്ടു നടന്ന പ്രചാരണവും പ്രതിസന്ധിക്കു കാരണമായതായി കർഷകർ പറയുന്നു.

മുൻ വർഷങ്ങളിൽ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ നിന്നടക്കം ദിവസവും രണ്ടു മുതൽ അഞ്ച് ടൺ വരെ റംബൂട്ടാൻ തോട്ടങ്ങളിൽ നിന്ന് മൊത്തക്കച്ചവടക്കാർ എത്തി ശേഖരിച്ചിരുന്നു. പഴക്കടകളിൽ ഇപ്പോൾ വിൽപന കുറഞ്ഞിട്ടുണ്ട്. റംബൂട്ടാൻ വിളവെടുപ്പു തുടങ്ങിയെങ്കിലും ഒരു ടണ്ണിൽ കൂടുതൽ ഒരു ദിവസം ശേഖരിക്കുന്നില്ലെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

Next Story
Read More >>