ജനറല്‍ ആശുപത്രി ഡോക്ടര്‍മാരുടെ കൈക്കൂലി: കടുത്ത നടപടിക്ക് സാദ്ധ്യത

ഹെർണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടിയാണ് അനസ്തേഷ്യ വിദഗ്ദ്ധൻ വെങ്കിടഗിരിയും സർജൻ സുനിൽ ചന്ദ്രനും കൈക്കൂലി വാങ്ങിയത്. ഈ ദൃശ്യങ്ങള്‍ ഇന്നലെ സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു.

ജനറല്‍ ആശുപത്രി ഡോക്ടര്‍മാരുടെ കൈക്കൂലി: കടുത്ത നടപടിക്ക് സാദ്ധ്യത

സ്വന്തം ലേഖകൻ

കാസർകോട് ജനറൽ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു. ഹെർണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടിയാണ് അനസ്തേഷ്യ വിദഗ്ദ്ധൻ വെങ്കിടഗിരിയും സർജൻ സുനിൽ ചന്ദ്രനും കൈക്കൂലി വാങ്ങിയത്. ഈ ദൃശ്യങ്ങള്‍ ഇന്നലെ സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു.

ഹെർണിയ ചികിത്സയുമായി ബന്ധപ്പെട്ട് പാലക്കുന്നിലെ അബ്ദുല്‍ഖാദർ സുനിൽ ചന്ദ്രനെ സമീപിച്ചിരുന്നു.

ഓപറേഷൻ നടത്തണമെങ്കിൽ അനസ്തേഷ്യ വിദഗ്ധൻ ഡോ. വെങ്കിട ഗിരിയുടെ സമയം ആവശ്യമാണെന്നും അദ്ദേഹത്തെ കാണാനും നിർദ്ദേശിക്കുകയായിരുന്നു. വെങ്കിടഗിരിയെ ക്ലീനിക്കൽ വച്ച് കണ്ടപ്പോൾ ആവശ്യപ്പെട്ട പ്രകാരം 3000 രൂപ കൈക്കുലി നൽകി. തനിക്ക് നൽകിയ അത്രതന്നെ തുക സുനിൽ ചന്ദ്രനും നൽകണമെന്നും ഡോ. വെങ്കിടഗിരി നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുല്‍ഖാദർ ഡോ. സുനിൽ ചന്ദ്രനും പണം നൽകുന്നതാണ് ദൃശ്യങ്ങൾ. ഓപറേഷനു ശേഷം ആശുപത്രി വിട്ട അബ്ദുല്‍ഖാദറിന്റെ മകൾ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഡോ. വെങ്കിടഗിരി പണം ആവശ്യപ്പെട്ടെന്ന് പരാതിപ്പെട്ട് മൂന്നു തവണ വിജിലൻസിനെ സമീപിച്ചെങ്കിലും വിജിലൻസ് പരിഗണിച്ചില്ലെന്നും പരാതിയിലുണ്ട്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇവർക്കെതിരേ നടപടി എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിജിലൻസ് പല തവണ ഡോ. വെങ്കിടഗിരിയെ കുടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. സർക്കാർ ആശുപത്രി ഡോക്ടർമാർ ഉച്ചയ്ക്കുശേഷം സ്വകാര്യ ക്ലിനിക്കൽ പരിശോധന നടത്തിവരുന്നത് കൂടാതെയാണ് വൻതോതിൽ കൈക്കൂലി വാങ്ങുന്നത്. ഡോക്ടർമാരുടെ അനധികൃത ഇടപാടുകൾ ദുരിതത്തിലാക്കുന്നത് പാവപ്പെട്ട രോഗികളെയാണ്.

ചില സർക്കാർ ആശുപത്രി ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്വകാര്യ ലാബുകളും രക്തബാങ്കുകളും പ്രവർത്തിക്കുന്നതായും വിവരമുണ്ട്. കൈക്കൂലി സംഭവം പുറത്തുവന്നതോടെ ജനറൽ ആശുപത്രിയിലേക്ക് യുവജനസംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.

യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ ഉൽഘാടനം ചെയ്തു. അജ്മൽ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ജില്ലാപ്രസിഡന്റ് പി.കെ.നിഷാന്ത് ഉൽഘാടനം ചെയ്തു.

പി.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരേ ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി. കൈക്കൂലി ദൃശ്യങ്ങൾ പുറത്തുവന്നതിനേതുടർന്ന് ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ കെ.ജി.എം.ഒ.എ ജില്ലാകമ്മിറ്റി അടിയന്തര യോഗം വിളിച്ചുചേർത്തു.

Read More >>