പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ യു.എസ്

പശ്ചിമേഷ്യന്‍ മേഖലയില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ യു.എസ്

ഗൾഫ് സമുദ്രത്തിൽ എണ്ണ ടാങ്കറുകൾക്കു നേരെ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനൊരുങ്ങി യു.എസ്. 1,000 ഓളം സൈനികരെ പശ്ചിമേഷ്യൻ മേഖലയിലേക്ക് അയക്കുമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ പറഞ്ഞു. 'ഇറാനുമായി ഒരു സംഘർഷത്തിന് യു.എസ് തയ്യാറല്ല. പക്ഷേ, പശ്ചിമേഷ്യൻ മേഖലയിൽ ജോലിചെയ്യുന്ന സൈനികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ട ബാദ്ധ്യത ഞങ്ങൾക്കുണ്ട്. അടുത്തിടെ നടന്ന ആക്രമണങ്ങൾ ഇറാന്റെ ശത്രുതാ മനോഭാവത്തെ കാണിക്കുന്നതാണ്. യു.എസ് ഉദ്യോഗസ്ഥരേയും പശ്ചിമേഷ്യൻ മേഖലയേയും ഇറാൻ സൈന്യം ഭയപ്പെടുത്തുകയാണ്.'-അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് സൈനിക വിന്യാസത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് യു.എൻ പ്രത്യേക അന്വേഷണം നടത്തിയേക്കും. യു.എൻ സെക്രട്ടറി ജനറലിന്റെ ഇതു സംബന്ധിച്ച നിർദ്ദേശത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യു.എസ്.

എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ഒരു മാസത്തിനുള്ളിൽ രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. ആറ് എണ്ണ ടാങ്കറുകൾക്ക് എതിരെയായിരുന്നു ആസൂത്രിത സ്വഭാവത്തിലുള്ള ആക്രമണം. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജറനൽ ആൻറണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.

ലക്‌സംബർഗിൽ ചേർന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഈ ആവശ്യത്തെ പിന്തുണച്ചു. ഇറാൻ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന യു.എസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ കണ്ടെത്തലിന്റെ സാഹചര്യത്തിൽ സ്വതന്ത്ര അനേഷണത്തിലൂടെ വസ്തുത വെളിച്ചത്തു കൊണ്ടു വരണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് പറഞ്ഞു. ഫുജൈറ തീരത്ത് മെയ് 12ന് നാലു എണ്ണ കപ്പലുകൾക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാ സമിതിയുടെ പരിഗണനയിലാണ്. ഇറാൻ റവലൂഷനറി ഗാർഡിന്റെ മേൽനോട്ടത്തിലാണ് ആക്രമണം നടന്നതെന്ന വാദത്തിൽ യു.എസ് ഉറച്ചു നിൽക്കുകയാണ്.

Read More >>