കാർട്ടൂൺ വിവാദത്തിൽ ഒരേസ്വരം: മതനിന്ദ വേണ്ടെന്ന് ഭരണപക്ഷവും പ്രതിപക്ഷവും

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്നതാണ് വിവാദ കാർട്ടൂണെന്നാണ് ഇരു കൂട്ടരുടേയും നിലപാട്.

കാർട്ടൂൺ വിവാദത്തിൽ ഒരേസ്വരം: മതനിന്ദ വേണ്ടെന്ന് ഭരണപക്ഷവും പ്രതിപക്ഷവും

സ്വന്തം ലേഖകന്‍

ക്രിസ്തുമത വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിക്കുന്ന വിവാദ കാർട്ടൂണിനെതിരേ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ സ്വരം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്നതാണ് വിവാദ കാർട്ടൂണെന്നാണ് ഇരു കൂട്ടരുടേയും നിലപാട്. മതചിഹ്നങ്ങളെ അപമാനിച്ച കാർട്ടൂണിന് അവാർഡ് കൊടുത്തത് ശരിയല്ലെന്ന് വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷനേതാവിനോട് സാംസ്‌കാരികമന്ത്രി എ.കെ.ബാലനും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്വാഗതാർഹമെന്ന് ബാലൻ പറഞ്ഞു.

മതവികാരങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കരുതെന്നും അക്കാദമി നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അവാർഡ് നൽകിയത് പുനഃപരിശോധിക്കണമെന്നും നിയമസഭയിൽ സബ്മിഷനിൽ ചെന്നിത്തല പറഞ്ഞു. ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂൺ 'വിശ്വസം രക്ഷതി'യിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രമേയമാക്കിയതിൽ എതിർപ്പില്ലെന്ന് മറുപടി നൽകിയ സാസ്‌കാരിക മന്ത്രി, എന്നാല്‍ മതചിഹ്നങ്ങളെ അപമാനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നു വ്യക്തമാക്കി. കാർട്ടൂണിൽ മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഭാഗം ഒഴിവാക്കേണ്ടതായിരുന്നു. ക്രിസ്ത്യൻ മതവിശ്വാസികളിലും പുരോഹിതരിലും ഇതു പ്രയാസത്തിനും പ്രതിഷേധത്തിനു ഇടയാക്കി. ഈ സാഹചര്യത്തിലാണ് ലളിതകലാ അക്കാദമിയോട് അവാർഡ് നിർണയം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതെന്നും മന്ത്രി ബാലൻ പറഞ്ഞു.

അവാർഡ് പുനഃപരിശോധിക്കാൻ ലളിതകലാ അക്കാദമിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ മതനിരപേക്ഷത ഹനിക്കുന്ന നടപടികൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും ബാലൻ നിയമസഭയിൽ വ്യക്തമാക്കി.

കാർട്ടൂൺ വിവാദത്തിൽ സർക്കാര്‍ നിലപാടിനെ കഴിഞ്ഞദിവസം സി.പി.ഐ വിമർശിച്ചിരുന്നു. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു കാനത്തിന്റെ നിലപാട്. ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിനു ശേഷം അതു തിരിച്ചെടുക്കുമോയെന്നും കാനം ചോദിച്ചിരുന്നു. സി.പി.ഐ നിലപാടാണ് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പിന്നീട് വ്യക്തമാക്കി. മന്ത്രി എ.കെ.ബാലൻ പറഞ്ഞത് സർക്കാർ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് ലളിതകലാ അക്കാദമിയുടേയും വിലയിരുത്തൽ. അവാർഡ് പുനഃപരിശോധിക്കുമെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.

Read More >>