ദേശാടനക്കിളികളും സസ്തനികളും മടങ്ങുന്നു: വയനാടന്‍ കാടുകള്‍ ഇനി മൂകം

മഴക്കാലമാരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമഘട്ട വനമേഖലകളിൽ വിരുന്നെത്തിയ പക്ഷികളും വരൾച്ചയിൽ നിന്ന് രക്ഷതേടി പുറംകാടുകളിലേക്കിറങ്ങിയ ആന, കാട്ടുപോത്തുൾപ്പടെയുള്ള സസ്തനികളുമാണ് കാടുപേക്ഷിക്കുന്നത്.

ദേശാടനക്കിളികളും സസ്തനികളും മടങ്ങുന്നു: വയനാടന്‍ കാടുകള്‍ ഇനി മൂകം

ബിൻ സൂഫി

കൽപ്പറ്റ: ദേശാടനക്കിളികളും സസ്തനികളും പ്രചനനത്തിനായി മടങ്ങുന്നതോടെ വയനാടൻ കാടുകൾ ഇനി മൂകം. മഴക്കാലമാരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമഘട്ട വനമേഖലകളിൽ വിരുന്നെത്തിയ പക്ഷികളും വരൾച്ചയിൽ നിന്ന് രക്ഷതേടി പുറംകാടുകളിലേക്കിറങ്ങിയ ആന, കാട്ടുപോത്തുൾപ്പടെയുള്ള സസ്തനികളുമാണ് കാടുപേക്ഷിക്കുന്നത്. കരിങ്കിളി, മേനിപ്പാറക്കിളി, നീലചെമ്പൻ, പാറ്റപിടിയൻ തുടങ്ങിയ കിളികളാണ് ദേശാടനം തുടങ്ങിയത്. പ്രജനത്തിന്നായി ഹിമാലയം, സൗത്ത് ചൈന, സൈബീരിയ തുടങ്ങിയ ദേശങ്ങളിലേക്കാണ് ഇവയുടെ ദേശാടനം. 3000 മുതൽ 5000 കിലോമീറ്റർ വരെ യാത്രചെയ്താണ് ഇവ മറ്റിടങ്ങളിൽ ചേക്കേറുന്നത്. മെയ് മദ്ധ്യത്തോടെ മടങ്ങിയ കിളികൾ മഴക്കാലം മാറുന്ന ഓഗസറ്റ് മാസത്തോടെ മാത്രമേ തിരികെ വീണ്ടും എത്തൂ. ഇതേസമയത്ത് തന്നെ പശ്ചിമഘട്ടമേഖലയിൽപെടുന്ന വയനാട് വന്യജീവിസങ്കേതത്തിൽ വേനലാരംഭത്തിൽ തീറ്റയും വെള്ളവും തേടിയെത്തിയ സസ്തനികളും ഉൾക്കാടുകളിലേക്ക് തിരികെ പോകും. ഇതോടെ അടുത്തമാസങ്ങളിൽ മഴ മാത്രമാവും വയനാടൻ കാടുകളിൽ.

സാധാരണഗതിയിൽ മണൽകോഴി, നീർക്കാട, പച്ചക്കാലി തുടങ്ങിയ നീർപക്ഷികൾ മാത്രമാണ് ദേശാടനം നടത്തുന്നുള്ളു എന്നാണ് കരുതിയിരുന്നത്. എന്നാൽ അടുത്തകാലത്തായി കേരളമുൾപ്പെടെയുള്ള പശ്ചിമഘട്ടവനമേഖലകളിൽ നടത്തിയ പഠനത്തിൽ നീർപക്ഷികൾക്കൊപ്പം മറ്റുപക്ഷികളും ദേശാടനം നടത്തുമെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വിരുന്നെത്തുന്ന പക്ഷിവർഗങ്ങളധികവും കേരളമുൾപ്പെടുന്ന പശ്ചിമഘട്ട വനമേഖലകളിലണ് കാണപ്പെടുന്നത്. 88 ഓളം വർഗ്ഗത്തിൽപെട്ട പക്ഷികളാണ് ദേശാടനം നടത്താറ്. ഇതിൽ 40 എണ്ണം മാത്രമേ നീർപക്ഷിവീഭാഗത്തിൽപെടുന്നവയുള്ളൂവെന്നും ബാക്കി 48 ഇനങ്ങളും മറ്റ് പക്ഷിവർഗ്ഗത്തിൽപെട്ടവയാണന്നും പഠനത്തിൽ കണ്ടെത്തി.

വയനാടൻ കാടുകളിൽ വിരുന്നെത്തുന്ന പക്ഷികളുടെ ഭക്ഷണം ചെറുകീടങ്ങളാണ്. അതിനാൽ വനത്തിനകത്തെ കീടങ്ങളുടെ ശല്യം തുലനം ചെയ്തുനിർത്തുന്നതിന് ഇവയുടെ സാനിധ്യം വളരെ വലുതാണ്. വയനാടൻ കാടുകൾക്കുണ്ടാകുന്ന ചെറിയശോഷണംപോലും ഇത്തരം പക്ഷികളുടെ ദേശാടനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കെയാണ് വേനൽക്കാല പറവകൾ കൂട് തേടി വയനാട് വിടുന്നത്. വയനാടൻ കാടുകളെ ശബ്ദമുഖരിതമാക്കിയിരുന്ന പക്ഷികളുടെ ദേശടനത്തോടെ മഴക്കാലത്ത് ഈ കാടുകൾ വീണ്ടും നിശ്ശബ്ദമാകും.

Read More >>