ബോംബ് നിർമ്മാണം സി.പി.എമ്മിന് കുടിൽവ്യവസായം: സതീശൻ പാച്ചേനി

പോളിങ് സമാധാനപരമായി നടന്നതിനു പിന്നാലെയുണ്ടായ അക്രമം കള്ളവോട്ട് ചെയ്യാൻ കഴിയാത്തതിലെ നിരാശമൂലമാണ്. പരാജയഭീതിയിലാണ് സി.പി.എം ഇത്തരം അക്രമം അഴിച്ചുവിടുന്നതെന്നും ബോംബേറിൽ തകർന്ന വീടുകൾ സന്ദർശിച്ചതിന് ശേഷം സതീശൻ പാച്ചേനി ആരോപിച്ചു.

ബോംബ് നിർമ്മാണം സി.പി.എമ്മിന് കുടിൽവ്യവസായം: സതീശൻ പാച്ചേനി

കണ്ണൂർ: ആർക്കെതിരേയും ഏതുസമയത്തും ബോംബെറിയാൻ കഴിയുന്ന രൂപത്തിൽ സി.പി.എം ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കി മാറ്റിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി.

കള്ളവോട്ടിനെ തുടർന്ന് റീപോളിങ് നടന്ന പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റായ വി.ടി.വി പത്മനാഭന്റെ വീടിനും തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് വോട്ട് ചെയ്യാനാകാതെ മടങ്ങിയ ഷാർലറ്റ് സെബാസ്റ്റ്യന്റെ പിലാത്തറ സി.എം നഗറിലെ വീടിനും ബോംബെറിഞ്ഞ സി.പി.എം സൈരജീവിതം ഇല്ലാതാക്കുകയാണ്.

ഏത് സമയത്തും എവിടെയും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ വ്യാപകമായി സി.പി.എം നേതൃത്വത്തിൽ ബോംബ് നിർമ്മിച്ചിട്ടുണ്ട് എന്നതിന്റെ ഒടുവിലത്തെ തെളിവാണ് പിലാത്തറയിലെ ബോംബേറ്.

പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യു.പി സ്‌കൂൾ ബൂത്തിലെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാർലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വലിയ വാർത്തയായതിൽ വിളറിപൂണ്ട സി.പി.എം ക്രിമിനൽ സംഘമാണ് ഈ ബോംബേറിന് പിറകിൽ.

റീ പോളിങ് ദിവസം ഷാർലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം കൂടുതൽ സമയം പോളിങ് ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ ബഹളം വച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്. ഇതും ബോംബേറും ചേർത്ത് വായിച്ചാൽ സി.പി.എം ആസൂത്രണം ചെയ്താണ് ഈ അക്രമം എന്ന് വ്യക്തമാണ്.

Read More >>