നിലപാടിൽ ഉറച്ച രാഷ്ട്രീയക്കാരൻ

സോഷ്യലിസ്റ്റായി രാഷ്ട്രീയത്തിലെത്തി കോൺഗ്രസിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവായിരുന്നു കടവൂർ ശിവദാസൻ.

നിലപാടിൽ ഉറച്ച രാഷ്ട്രീയക്കാരൻ

സുധീര്‍ കെ ചന്ദനത്തോപ്പ്‌

സംസ്ഥാനത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവലിൻ ഇടപാട് മുതൽ ശബരിമല വിഷയത്തിൽ വരെ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന നേതാവായിരുന്നു കടവൂർ ശിവദാസൻ. എല്ലാ സമകാലിക വിഷയത്തിലും കടവൂരിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു.

അഴിമതിയുടെ ഇടപെടൽ മനസ്സിലാക്കി എസ്.എൻ.സി ലാവ്ലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്ന വൈദ്യുതി മന്ത്രിയും കടവൂരായിരുന്നു. ഇതിന് കടവൂർ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ലാവ്ലിൻ കരാർ പ്രകാരമുള്ള ധാരണാപത്രം പുതുക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം കടവൂർ ശിവദാസനു തന്നെയാണെന്നും, ഒരു തവണ പുതുക്കുകയും രണ്ടാമത് പുതുക്കാതിരിക്കുകയും ചെയ്തതിന്റെ രഹസ്യം കടവൂരാണ് വ്യക്തമാക്കേണ്ടതെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. ധാരണാപത്രം പുതുക്കാത്തതിന് പിന്നിൽ കടവൂരിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ലാവ്ലിൻ കരാർ സംബന്ധിച്ച കമ്പനിയുടെ വിശദീകരണത്തിന് മറുപടി നൽകേണ്ടത് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂർ ശിവദാസനാണെന്ന പിണറായിയുടെ വിമർശനത്തെ കടവൂർ പുച്ഛിച്ച് തള്ളി. പിന്നീട് ലാവ്ലിനിലെ അഴിമതികൾ പുറത്തായപ്പോൾ കടവൂരിന്റെ നടപടി ശരിയാണെന്ന് തെളിയുകയും ചെയ്തു.

ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നിലപാട് തള്ളി പരസ്യമായി രംഗത്ത് വന്ന ആളായിരുന്നു കടവൂർ ശിവദാസൻ. ശബരിമല പ്രശ്നം ശരിയായ ആത്മീയതയിൽ നിന്ന് രാഷ്ട്രീയത്തിലേക്കു വഴിമാറിയെന്നും തന്ത്രിമാർ പറയുന്ന ആചാരങൾ ഹിന്ദു ധർമ്മമല്ലെന്നും അനാചാരങളെ എതിർക്കാർ ദൈവം സുപ്രിംകോടതിയായി അവതരിച്ചതാണെന്നും കടവൂർശിവദാസൻ പറഞ്ഞിരുന്നു. വേദോപനിഷത്തുകളും വ്യാസനും വിവേകാനന്ദനും അപ്രസക്തമാവുകയും തന്ത്രിമാർ രൂപം കൊടുത്ത ആചാരങൾ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. ദേവിയും ലക്ഷമിയും സരസ്വതിയും ഉൾപ്പെട്ട സ്ത്രീ ദൈവങ്ങൾ ഉള്ള രാജ്യത്ത് തത്വമസി എന്നു രേഖപ്പെടുത്തിയ അമ്പലത്തിൽ സ്ത്രീ കയറിയാൽ ദൈവത്തിനിഷ്ടപെടില്ല എന്ന വാദം എങ്ങനെ അംഗീകരിക്കുമെന്ന് കടവൂർ ശിവദാസൻ ചോദിച്ചു. വേദകാലത്ത് ക്ഷേത്രങ്ങളൊ ആചാരങ്ങളൊ ഇല്ലായിരുന്നു. ബ്രാഹ്മണരൊഴികെ ആരും ക്ഷേത്രത്തിൽ കയറരുതെന്ന ആചാരം ചിത്തിരതിരുനാളിന്റെ കാലത്ത് തിരുത്തിയെന്നും ഇന്നു കോലഹലങൾ ഉണ്ടാക്കുന്നവർ ക്ഷേത്ര പ്രവേശന വിളമ്പരത്തെ കുറിച്ചെന്തു പറയുന്നുവെന്നായിരുന്നു കടവൂരിന്റെ വിമർശിച്ചത്.

ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നെ വാദവുമായി കടവൂർ ശിവദാസൻ എത്തിയതും ചർച്ചയായിരുന്നു. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിക്കുമോ എന്ന സംശയം എല്ലാവർക്കുമുണ്ടെന്നും സത്യം തെളിയാൻ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും കടവൂർ ശിവദാസൻ പറഞ്ഞിരുന്നു.

അപൂർവ ധാതുക്കളുടെ വിളനിലമായ കൊല്ലം ആലപ്പുഴ തീരത്തെ കരിമണൽ സംരക്ഷിക്കാനും കടവൂർ മുന്നിൽ നിന്നു. കരിമണ്ണ് ഖനനം ചെയ്യുന്നതിന് സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തുവാനുള്ള നീക്കം അഭികാമ്യമല്ലെന്ന് തുറന്നു പറഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു കടവൂർ. കരിമണൽ കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്തി അവിടെ ഉപരോധം ഏർപ്പെടുത്തണമെന്നും കെഎംഎംഎല്ലും ഐആർഇയും അവർക്ക് ആവശ്യമായ ഇൽമനൈറ്റ് സംഭരിക്കുന്നതിന് ഗേറ്റ് കളക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാതിനിധ്യം ഉള്ള എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ കടവൂരിന്റെ നിലപാട്.

ആദ്യം ശ്രീകണ്ഠനൊപ്പം, പിന്നീട് കരുണാകരനും

സോഷ്യലിസ്റ്റായി രാഷ്ട്രീയത്തിലെത്തി കോൺഗ്രസിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവായിരുന്നു കടവൂർ ശിവദാസൻ. ആർ.എസ്.പിയിൽ ശ്രീകണ്ഠൻനായരുടേയും കോൺഗ്രസിൽ കെ കരുണാകരന്റേയും വിശ്വാസ്ഥനായിരുന്നു. എന്നാൽ സോഷ്യലിസ്റ്റ് ചേരിയിൽ ശ്രീകണ്ഠൻനായർക്കൊപ്പം പാർട്ടിയുടെ പിളർപ്പിലും ഒപ്പം നിന്ന അദ്ദേഹം കോൺഗ്രസിൽ കെ കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അഭിപ്രായം പരസ്യമാക്കി മാറി നിൽക്കുകയും ചെയ്തു. ശ്രീകണ്ഠൻനായരുടെ വിശ്വസ്ഥനായ കടവൂർ ആർ.എസ്.പി ടിക്കറ്റിൽ 1980ൽ കോൺഗ്രസിലെ സി.വി പത്മരാജനെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. ഈ സമയം ശ്രീകണ്ഠൻ നായർ ആർഎസ്പി മന്ത്രിമാരുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് 6 എംഎൽഎമാരിൽ 5 പേരും ശ്രീകണൻ നായർക്കെതിരെ തിരിഞ്ഞു.അപ്പോഴും കടവൂർ ശ്രീകണ്ഠൻനായർക്കൊപ്പമായിരുന്നു. തുടർന്ന് ബേബി ജോണുമായുള്ള അഭിപ്രായഭിന്നതയിൽ ശ്രീകണ്ഠനൻ നായർ ആർ.എസ്.പി വിട്ട് ആർ.എസ്.പി (എസ് ) രൂപീകരിച്ചപ്പോൾ അദ്ദേഹത്തെ കൈവിടാതെ കടവൂർ ഒപ്പം തന്നെ ഉണ്ടായിരുന്നു.

ആർ.എസ്.പി പിളർന്നതിന് പിന്നാലെ വലിയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിലുണ്ടായി. ആന്റണിയും മാണിയും ഇടതുചേരി വിട്ടപ്പോൾ 1981 ഒക്ടോബർ 20ന് നായനാർ സർക്കാർ വീണു. കെ കരുണാകരന് സർക്കാരുണ്ടാക്കാൻ ഒരു അംഗത്തിന്റെ കുറവ് വന്നപ്പോൾ ലീഡർക്ക് ഒപ്പം നിന്നു കടവൂർ ശിവദാസൻ. സർക്കാർ രൂപീകരണം പൊളിക്കാൻ സി.പി.എം നടത്തിയ നീക്കങ്ങൾക്കൊന്നും കടവൂർ വഴങ്ങിയില്ല. അങ്ങനെ 81ലെ കരുണാകൻ സർക്കാരിൽ ആർ.എസ്.പി.എസിലെ കടവൂർ ശിവദാസൻ തൊഴിൽ വകുപ്പ് മന്ത്രിയായി.ശ്രീകണ്ഠൻ നായരുടെ മരണത്തോടെ ഒറ്റക്കായ കടവൂരിനോട് ആർ.എസ്.പി എസ് ഉപേക്ഷിക്കാനും കോൺഗ്രസിൽ ചേരാനും കരുണാകരൻ ഉപദേശിച്ചു. ലീഡറൂടെ വിശ്വസ്തനായി പാർട്ടിയിലെത്തിയ കടവൂർ ശിവദാസൻ പക്ഷെ കോൺഗ്രസിലെ പിളർപ്പിൽ കരുണാകരന് കൂട്ടായില്ല. പാർട്ടി വിടരുതെന്ന് ഡി.ഐ.സിയുണ്ടാക്കിയാൽ ഒപ്പമുണ്ടാവില്ലെന്നും കരുണാകരനോട് തുറന്ന പറഞ്ഞതോടെ അകലത്തിലായി. ഡി.ഐ.സിയുണ്ടാക്കി ലീഡർ ഒറ്റക്ക് നിന്നപ്പോൾ കോൺഗ്രസിലെ പഴയ ഐ ഗ്രൂപ്പിന്റെ നായകൻ കടവൂരായിരുന്നു.

Read More >>