സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികള്‍ മാത്രം; വിദേശികൾക്ക് വീണ്ടും തിരിച്ചടി

സർക്കാരിന് കീഴിലുള്ള കോർപ്പറേഷനുകള്‍ക്കും കമ്പനികള്‍ക്കും ഈ ഉത്തരവ് ബാധകമാകും.

സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികള്‍ മാത്രം;  വിദേശികൾക്ക് വീണ്ടും തിരിച്ചടി

റിയാദ്: സൗദിയിൽ വിദേശികളായ തൊഴില്‍ അന്വേഷകര്‍ക്കു വീണ്ടും തിരിച്ചടി. സർക്കാർ ജോലികളിൽ ഇനി സ്വദേശികളെ മാത്രം നിയമിക്കാൻ സൗദി രാജാവിന്റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള കോർപ്പറേഷനുകള്‍ക്കും കമ്പനികള്‍ക്കും ഈ ഉത്തരവ് ബാധകമാകും.

സർക്കാറിന്റെ കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷൻ ജോലികളിൽ വിദേശികൾക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം എന്നാണ് പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു.

ഓപറേഷൻസ്, മെയിന്റനൻസ്, താൽക്കാലിക കരാർ വകുപ്പുകൾ പ്രകാരം വിദേശികളെ നിയമിക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം തൊഴിലവസരങ്ങളെ കുറിച്ച് പരസ്യപ്പെടുത്തുകയും ഈ തസ്തികകളിൽ നിയമിക്കുന്നതിന് യോഗ്യരായ സൗദികൾ മുന്നോട്ടു വരാതിരിക്കുകയും ചെയ്താൽ മാത്രമാണ് വിദേശികളെ നിയമിക്കുന്നതിന് അനുമതിയുള്ളത്. കൺസൾട്ടൻസി, ഓപറേഷൻസ് കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കുന്നതിന് ആഗ്രഹിക്കുന്ന സർക്കാർ വകുപ്പുകൾ സ്വദേശികളെ നിയമിക്കുന്നത് നിർബന്ധമാക്കുന്ന വകുപ്പുകൾ കരാറുകളിൽ ഉൾപ്പെടുത്തിയിരിക്കണം. ഓരോ പദ്ധതിയിലും ലഭ്യമാകുന്ന തൊഴിലവസരങ്ങളുടെ എണ്ണം, തസ്തികകളുടെ പേരുകൾ, ഈ തൊഴിലവസരങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിന് നീക്കിവെക്കുന്ന ബജറ്റ് എന്നിവ പ്രത്യേകം നിർണയിക്കുകയും പദ്ധതികൾക്ക് കരാറുകൾ ഒപ്പുവെക്കുന്നതിനു മുമ്പായി തൊഴിലവസരങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് കമ്പനികളെ നിർബന്ധിക്കണമെന്നും നിർദേശമുണ്ട്.

ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ കരാർ പുതുക്കി നൽകരുതെന്നും സർക്കുലർ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂർവ്വമായ ജോലികളിൽ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. സർക്കാർ മേഖലയിലുള്ള നേഴ്‌സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

Read More >>