തെരേസാ മേ വിഡ്ഢിയെന്ന് ട്രംപ്; യു.എസ്-യു.കെ ബന്ധം വഷളാകുന്നു

മേയ്‌ക്കെതിരെ 'വിഡ്ഢി' എന്ന പ്രയോഗമാണ് ട്രംപ് നടത്തിയത്. മേ സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചർച്ചകൾ അവർ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

തെരേസാ മേ വിഡ്ഢിയെന്ന് ട്രംപ്; യു.എസ്-യു.കെ ബന്ധം വഷളാകുന്നു

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയെ പരസ്യമായി തള്ളിപ്പറഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേയ്‌ക്കെതിരെ 'വിഡ്ഢി' എന്ന പ്രയോഗമാണ് ട്രംപ് നടത്തിയത്. മേ സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചർച്ചകൾ അവർ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിനെതിരെ യു.എസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡറോച്ചിന്റേതായി പുറത്തു വന്ന ഇ-മെയിൽ സന്ദേശമാണ് ട്രംപിനെ പ്രകോപിതനാക്കിയത്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ആകെ അരാജകത്വമാണെന്നുമാണ് ഇ-മെയിലിന്റെ ഉള്ളടക്കം. അതോടെ യു.കെയും യു.എസ്സും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂകഷമായി. യു.കെയുമായി ട്രംപിന്റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചർച്ചകൾ മാറ്റിവെച്ചു.

ഡറോച്ചുമായി സഹകരിച്ച് ഒരു ഇടപാടുകൾക്കും താനിനി തയ്യാറാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തിന് വട്ടാണെന്നും മന്ദബുദ്ധിയാണെന്നുമുള്ള രൂക്ഷ പരാമർശങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ നടത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കൺസർവേറ്റീവ് സ്ഥാനാർത്ഥിയുമായ ജെറമി ഹണ്ട് ട്രംപിന്റെ ഭാഷയെ 'അനാദരവും, തെറ്റുമാണെന്നും' വിശേഷിപ്പിച്ചുകൊണ്ട് പ്രതികരിച്ചതോടെ വിവാദം കൂടുതൽ രൂക്ഷമായി. ഡറോച്ചിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താൻ പ്രാധാനമന്ത്രിയായാൽ അദ്ദേഹം തൽസ്ഥാനത്തുതന്നെ തുടർന്നു പ്രവർത്തിക്കുമെന്നും പറഞ്ഞു.

ബ്രിട്ടന്റെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായ ലിയാം ഫോക്‌സുമൊത്ത് ഡറോച്ചും കഴിഞ്ഞ ദിവസം വൈറ്റ് ഹൌസിൽ നടന്ന യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഡറോച്ചിന് ക്ഷണം ലഭിച്ചില്ല. കൂടിക്കാഴ്ചയിൽ വിവാദ വിഷയങ്ങളൊന്നും പരാമർശിക്കാതെയും ഖേദം രേഖപ്പെടുത്താതെയുമാണ് ഫോക്‌സ് സംസാരിച്ചത്. അതോടെ, അതിനു ശേഷം നടക്കേണ്ടിയിരുന്ന വാണിജ്യ ചർച്ചകളിൽനിന്നും യു.എസ് പിൻവാങ്ങി. ചർച്ച റദ്ദാക്കിയതിനെ വിമർശിച്ച് വീണ്ടും ബ്രിട്ടൻ രംഗത്തെത്തി. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ മറ്റൊരു സമയം കണ്ടെത്തി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.

Read More >>