സുരേഷ്ഗോപിയ്ക്കായി വോട്ടഭ്യര്‍ത്ഥന; ബിജുമേനോന് ഫേസ്ബുക്കില്‍ പൊങ്കാല

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നായിരുന്നു ബിജു മേനോന്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് എത്തിയത്

സുരേഷ്ഗോപിയ്ക്കായി വോട്ടഭ്യര്‍ത്ഥന;  ബിജുമേനോന് ഫേസ്ബുക്കില്‍ പൊങ്കാല

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ ആരാധകരോഷം. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയിലായിരുന്നു താരം സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത്.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നായിരുന്നു ബിജു മേനോന്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് എത്തിയത്. നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബിജുമേനോനെ വിമർശിച്ചു നിരവധിപേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലാണ് പലരും കമന്റുകളുമായി എത്തിയിട്ടുള്ളത്. നടനെന്ന നിലയിൽ നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ വർഗീയ രാഷ്ട്രീയത്തിനോട് സമരസപ്പെടാനുള്ള നിങ്ങളുടെ നീക്കത്തോട് യോജിക്കാനാവില്ലെന്നുമാണ് ഒരാൾ കുറിച്ചത്. എന്ത് നന്മയുടെ പേരിലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറയുന്നത്. അക്കാര്യത്തിൽ നിങ്ങൾ വിശദീകരണം നൽകണമെന്നാണ് മറ്റൊരാൾ പറഞ്ഞത്. മുകേഷിനും മുരളിക്കും ഇന്നസെന്റിനും ഇടതുപക്ഷ അനുഭാവികൾ ആകാമെങ്കിൽ സുരേഷ് ഗോപിക്കായി ബിജുമേനോൻ വോട്ട് ചോദിച്ചതിലെന്താണ് തെറ്റെന്നും അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നുമാണ് ഇതിനു മറുപടിയായി ഒരു സുരേഷ് ഗോപി ആരാധകൻ പറഞ്ഞത്.

പൊതുവേ വിവാദങ്ങളിലൊന്നും തലവയ്ക്കാത്ത താരമാണ് ബിജു മേനോൻ. അഭിനയിക്കുന്ന സിനിമകളുടെ ചർച്ചകളിൽ മാത്രമാണ് ഇദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നത്. എന്നാൽ ആ പതിവെല്ലാം ഇതോടെ തെറ്റിച്ചിരിക്കുകയാണ് നടൻ. ബിജു മേനോൻ 'സംഘി'യായോ എന്നുവരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചോദ്യമുണ്ട്. ഇഷ്ടനടനാണെങ്കിലും വർഗീയത പരത്തുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ചത് ന്യായീകരിക്കാനാവില്ലെന്നും ഇനി പുറത്തിറങ്ങുന്ന നടൻ അഭിനയിച്ച സിനിമകൾക്ക് പിന്തുണ നൽകില്ലെന്നും സംഘപരിവാറിനെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിൽ സ്ഥാനമുള്ള താങ്കൾ ഇത്തരം പ്രവർത്തിയിലേക്ക് പോവരുതായിരുന്നു എന്നും ചിലർ പറയുന്നു.


Read More >>