ശങ്കര്‍ രാമകൃഷ്ണന്‍റെ പേരൊഴിവാക്കണം; മാമാങ്കത്തിന്‍റെ തിരക്കഥാകൃത്ത് സജീവ് പിള്ളയെന്ന് ഹൈക്കോടതി

സജീവ് പിള്ളയുടെ സംവിധാനത്തിലാണ് മാമാങ്കത്തിൻെറ ചിത്രീകരണം ആദ്യം തുടങ്ങിയത്. നിർമ്മാതാവുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് പിന്നീട് സംവിധായകൻ മാറുകയും ചെയ്തു. എം. പത്മകുമാറാണ് ചിത്രം പൂർത്തിയാക്കിയത്.

ശങ്കര്‍ രാമകൃഷ്ണന്‍റെ പേരൊഴിവാക്കണം; മാമാങ്കത്തിന്‍റെ തിരക്കഥാകൃത്ത് സജീവ് പിള്ളയെന്ന് ഹൈക്കോടതി

മാമാങ്കം സിനിമയുടെ തിരക്കഥയുടെ അവകാശം ആദ്യ സംവിധായകനായ സജീവ് പിള്ളയ്ക്കെന്ന് ഹെെക്കോടതി. തിരകഥാകൃത്തിന്‍റെ സ്ഥാനത്ത് നിന്നും ശങ്കർ രാമകൃഷ്ണന്‍റെ പേര് ഒഴിവാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചിത്രം നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്താനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.

കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും ഉത്തരവില്‍ നിരീക്ഷിക്കുന്നു. മാമാങ്കത്തിന്‍റെ തിരക്കഥയിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കിയത് നിയമവിരുദ്ധമായാണെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ ആദ്യ സംവിധായകനായ സജീവ് പിള്ള സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ല. കഥയുടെ പകർപ്പവകാശം താൻ വാങ്ങിയതാണന്ന നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം കോടതി തള്ളി. ശങ്കർ രാമകൃഷ്ണന്‍റെ പേര് സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പ് നൽകി സത്യവാങ്ങ്മൂലം നൽകാൻ ജസ്റ്റീസ് വി. ഷെർസി നിർമാതാവ് വേണു കുന്നപ്പിള്ളിയോട് നിര്‍ദേശിച്ചു.

സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കീഴ്ക്കോടതി നിരസിച്ചതിനെതുടർന്നാണ് ചിത്രത്തിന്‍റെ രചയിതാവും മുന്‍സംവിധായകനുമായിരുന്ന സജീവ് പിള്ള ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ തിരക്കഥ സജീവിന്‍റേത് തന്നെയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കീഴ്ക്കോടതിയിലെ കേസ് ആറു മാസത്തിനകം പുർത്തിയാക്കാനും ഉത്തരവിട്ടു.

Read More >>