ഖഷോഗി: അടങ്ങാത്ത പ്രതിഷേധം

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയും വ്യോമ മേഖലയില്‍ സ്വദേശി സ്ത്രീകള്‍ക്ക് അവസരം നല്‍കിയതുമുള്‍പ്പെടെയുള്ള പുരോഗമനപരമായ തീരുമാനങ്ങള്‍ എടുത്തതിലൂടെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ സല്‍മാന്‍ രാജകുമാരന് സാധിച്ചിരുന്നു. എന്നാല്‍, ഖഷോഗി കൊലപാതകത്തില്‍ കുറ്റസമ്മതം വന്നതോടെ ഈ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന് പറയാനാകില്ല.

ഖഷോഗി: അടങ്ങാത്ത പ്രതിഷേധം

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നതിനു ശേഷവും വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിക്കുന്നില്ല. പുതുതായി ഖഷോഗിയുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ ഇന്ത്യയും ഡയാന രാജകുമാരിയും വിവാദ ആയുധ വ്യവസായി അദ്‌നാന്‍ ഖഷോഗിയുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ്.

ഇന്ത്യയുമായും ബന്ധം

സൗദിയിലെ ഒരു മാദ്ധ്യമപ്രവര്‍ത്തകനെ കാണാതാവുന്നതോ കൊല്ലപ്പെടുന്നതോ ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ വാര്‍ത്തയൊന്നുമല്ല. അതുകൊണ്ട് തന്നെ വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഇന്ത്യക്കാരുടെ രക്തം തിളപ്പിക്കേണ്ടതില്ല. എന്നാല്‍, അധികമാര്‍ക്കും അറിയാത്ത ഒരു ബന്ധം ഖഷോഗിക്കു ഇന്ത്യയുമായി ഉണ്ട്. സൗദിയിലെ ഏറ്റവും വലിയ ആയുധ വ്യാപാരിയായിരുന്ന അദ്‌നാന്‍ ഖഷോഗിയുടെ മരുമകനാണ് എന്നതാണ് ജമാല്‍ ഖഷോഗിയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഘടകം.

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സൗദി അറേബ്യയില്‍ ജനിച്ച അദ്‌നാന്‍ ഖഷോഗി. 1980-90 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന അദ്‌നാന്‍ ഖഷോഗി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍ എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നു. അന്തരിച്ച വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയെ തന്റെ ഗുരുവും അടുത്ത സുഹൃത്തുമായാണ് ഖഷോഗി വിശേഷിപ്പിച്ചിരുന്നത്. 1991-ലെ ഖഷോഗിയുടെ ഇന്ത്യാ സന്ദര്‍ശനവും വിവാദമായിരുന്നു. ചന്ദ്രസ്വാമി വഴിയാണ് മുന്‍ മന്ത്രിമാരായ ചന്ദ്രശേഖറിനെയും രാജീവ് ഗാന്ധിയെയും അദ്‌നാന്‍ ഖഷോഗി പരിചയപ്പെടുന്നത്. ഇന്ത്യയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ തൊഴിലില്‍ സഹായകരമാകുമെന്നതാണ് ഇതിനെല്ലാം കാരണം. 2017 ജൂണ്‍ ആറിനു അദ്‌നാന്‍ ഖഷോഗി മരിച്ചു. അസുഖം മൂലം ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഇതുമാത്രമല്ല, ഡയാന രാജകുമാരിയുടെ കാമുകനായിരുന്ന ഡോഡി അല്‍ ഫയദ്, അദ്‌നാന്‍ ഖഷോഗിയുടെ സഹോദരി പുത്രനാണ്. ഈ വഴിക്കു നോക്കുമ്പോള്‍ ഡോഡി അല്‍ ഫയദിന്റെ സഹോദരനാണ് ജമാല്‍ ഖഷോഗി. 1997ല്‍ ആഗസ്ത് 31ന് പാരിസില്‍ നടന്ന കാറപകടത്തിലാണ് ഡയാനാ രാജകുമാരിയും ഡോഡി അല്‍ ഫയദും മരിക്കുന്നത്. ഇവരുടെ മരണവുമായും ഖഷോഗിയുടെ കൊലപാതകത്തെ ചിലര്‍ ബന്ധിപ്പിക്കുന്നുണ്ട്.

കുറ്റസമ്മതത്തിനു ശേഷവും തുടരുന്ന അവ്യക്തത

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു തുടക്കം മുതല്‍ പ്രതിക്കൂട്ടില്‍ നിന്നിട്ടും ആരോപണങ്ങളെ തള്ളി ഉറച്ചുനിന്ന സൗദിക്ക് ഒടുവില്‍ കുറ്റസമ്മതം നടത്തേണ്ടിവന്നു. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിമര്‍ശനവും താക്കീതുമായി രംഗത്തെത്തിയതോടെയാണ് സൗദിക്ക് തെറ്റു സമ്മതിക്കേണ്ടിവന്നത്. കോണ്‍സുലേറ്റില്‍ നടന്ന കൈയ്യാങ്കളിക്കൊടുവില്‍ ഖഷോഗി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് സൗദി നല്‍കിയ വിശദീകരണം. എന്നാല്‍, മൃതദേഹം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റിന് പുറത്തേക്കു കൊണ്ടുപോയി എന്നല്ലാതെ, എങ്ങോട്ട് കൊണ്ടുപോയി എന്നോ, എവിടെ സംസ്‌കരിച്ചു എന്നീ ചോദ്യങ്ങള്‍ക്ക് സൗദിയുടെ പക്കല്‍ ഉത്തരമില്ല. കുറ്റം തെളിഞ്ഞാല്‍ ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് സൗദിക്ക് താക്കീത് നല്‍കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും തണുത്ത സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാനും ഇതുവരെ പറഞ്ഞതില്‍ കൂടുതലൊന്നും പറഞ്ഞിട്ടില്ല. സൗദിക്കെതിരെ തിരിയുന്നത് അവനവന്റെ തന്നെ കുഴിവെട്ടലാകുമെന്ന തിരിച്ചറിവാകാം ഒരുപക്ഷേ ഈ മൗനത്തിനു പിന്നില്‍.

ഖഷോഗിയുടെ കൊലപാതകം തെളിഞ്ഞാല്‍ പ്രതിസന്ധിയിലാകുമെന്ന് കരുതിയ റിയാദിലെ വ്യാപാര ഉച്ചകോടിയും മുടക്കമില്ലാതെ നടന്നു. മാദ്ധ്യമങ്ങളുടെ ബഹിഷ്‌കരണമോ ലോകരാഷ്ട്രങ്ങളുടെ ഭീഷണിയോ ഇതിന് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നാണ്‌ മനസ്സിലാകുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്നപദ്ധതിയായ വിഷന്‍- 2030ന്റെ ഭാഗമാണ് ഉച്ചകോടി. രാജ്യത്തിന്റെ പ്രധാന വരുമാനമായി എണ്ണ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കി സൗദിയിലേക്ക് കൂടുതല്‍ വ്യവസായഭീമന്മാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് വിഷന്‍-2030.

സൗദി രാജകുടുംബത്തിന്റെ മുഖ്യ വിമര്‍ശകരിലൊരാളായിരുന്നു 59 കാരനായ ജമാല്‍ ഖഷോഗി. യു.എസ്സിലെ ഇന്തിയാന സര്‍വകലാശാലയില്‍ മാദ്ധ്യമ പഠനം പൂര്‍ത്തിയാക്കിയ ഖഷോഗി 1958 ലാണ് മാദ്ധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ സൗദി ഗസറ്റില്‍ കറസ്പോണ്ടന്റായാണ് തുടക്കം. പിന്നീട് സൗദി പത്രമായ അറബ് ന്യൂസില്‍ ഡെപ്യൂട്ടി എഡിറ്ററായി നാലു വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. ഇതിന് ശേഷം അല്‍ വതന്‍ പത്രത്തില്‍ ചീഫ് എഡിറ്ററായി ജോലി നോക്കി. എന്നാല്‍ രണ്ടു മാസത്തിന് ശേഷം 2003ല്‍ അദ്ദേഹത്തെ കാരണം വ്യക്തമാക്കാതെ പിരിച്ചുവിട്ടു. പിന്നീട് തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലും വാഷിങ്ടണിലും അംബാസഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായി 2006 വരെ സേവനമനുഷ്ടിച്ചു. 2007ല്‍ അല്‍ വതന്‍ പത്രത്തില്‍ എഡിറ്ററായി വീണ്ടും ജോലി തുടങ്ങിയെങ്കിലും 2010ല്‍ അദ്ദേഹത്തെ പുറത്താക്കി. സൗദിക്കെതിരെ വിമര്‍ശനം നടത്തിയതിനായിരുന്നു നടപടി. പിന്നീട് സൗദി വ്യവസായികളുടെ പിന്തുണയോടെ ഖഷോഗി 2015ല്‍ അല്‍ അറബ് എന്ന ഉപഗ്രഹ ചാനല്‍ ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അടച്ചുപൂട്ടേണ്ടി വന്നു. സൗദി രാജാവിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 1987ലും 1995ലും ഉസാമ ബിന്‍ ലാദനുമായി ഖഷോഗി നേരിട്ട് അഭിമുഖം നടത്തിയിട്ടുണ്ട്. പിന്നീട് സല്‍മാന്‍ രാജാവ് കിരീടാവകാശിയായിരുന്നപ്പോള്‍ സൗദിയില്‍ നിന്നും യു.എസ്സിലേക്ക് താമസം മാറ്റിയ ഖഷോഗി, വാഷിങ്ടണ്‍ പോസ്റ്റിന്റെ ഗ്ലോബല്‍ ഒപിനീയന്‍സ് കോളത്തിലൂടെ സൗദി കിരീടാവകാശിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. യെമനിലെ ആഭ്യന്തര കലാപം, കാനഡയുമായുള്ള നയതന്ത്രം, സ്ത്രീ വിമോചനം തുടങ്ങിയ വിഷയങ്ങളില്‍ സല്‍മാന്‍ രാജാവ് ഗുരുതര ആരോപണങ്ങളുന്നയിച്ചു. ഒരിക്കല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 2 മുതലാണ് ഖഷോഗിയെ കാണാതാകുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ മകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഖദീജ ജാന്‍കിസിനെ വിവാഹം കഴിക്കാനുള്ള രേഖകള്‍ ശരിയാക്കാനായി തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗിയെ പിന്നീട് ആരും കണ്ടിട്ടില്ല. ഉച്ചക്ക് ഒരുമണിയോടെ പ്രതിശ്രുത വധുവായ ഖദീജയെ പുറത്തുനിര്‍ത്തി അകത്തേക്ക് കയറിപ്പോയതാണ് ഖഷോഗി. കോണ്‍സുലേറ്റ് ആസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ താന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നു ഖദീജ ജാന്‍കിസ് പറയുന്നു. ഖഷോഗിയുടെ തിരോധാനത്തില്‍ ഏറ്റവും കുടുതല്‍ സൗദിയെ കടന്നാക്രമിക്കുന്നത് തുര്‍ക്കിയാണ്. ഖഷോഗി കൊല്ലപ്പെട്ടുവെന്നും സൗദിയില്‍നിന്നെത്തിയ 15 അംഗ അജ്ഞാതസംഘമാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം മറ്റെവിടേക്കോ കടത്തിയെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തുര്‍ക്കി പൊലീസ് സൗദിയുടെ കുറ്റസമ്മതത്തിനു മുന്‍പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങളെ സൗദി തള്ളുകയാണ് ചെയ്തത്.

ഉലയുന്ന സൗദി -തുര്‍ക്കി ബന്ധം

ഖഷോഗിയുടെ കൊലപാതകത്തോടെ സൗദിയും തുര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. 2017ലെ ഖത്തര്‍ ഉപരോധത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഖത്തറിനു മേല്‍ സൗദി എര്‍പ്പെടുത്തിയ ഉപരോധത്തെ തുര്‍ക്കി നിശിതമായി വിമര്‍ശിക്കുകയും ഖത്തറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സൗദി കരിമ്പട്ടികയില്‍ പെടുത്തിയ ഖത്തറിന് ഇപ്പോള്‍ തുര്‍ക്കി എല്ലാ സഹായവും നല്‍കുന്നുണ്ട്. സൗദി നിരോധിത സംഘടനയുടെ പട്ടികയില്‍ പെടുത്തിയ മുസ്ലീം ബ്രദര്‍ഹുഡുമായും തുര്‍ക്കിക്ക് നല്ല ബന്ധമാണുള്ളത്. ഖഷോഗി സൗദി കോണ്‍സുലേറ്റിന് അകത്തുവച്ചു തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് തുര്‍ക്കിയാണ്. ഇത് സമര്‍ത്ഥിക്കുന്ന തെളിവുകളും തുര്‍ക്കി നിരത്തി.

സല്‍മാന്‍ രാജകുമാരന്റെ പ്രതിച്ഛായക്ക് മങ്ങല്‍

പതിറ്റാണ്ടുകളായി സൗദിയില്‍ നിലനിന്നുപോന്ന പല നിയമങ്ങളും നിബന്ധനകളും അവസാനിപ്പിച്ച് പരിഷ്‌ക്കരണങ്ങള്‍ നടത്തുന്നതിനിടയിലാണ് സല്‍മാന്‍ രാജകുമാരന്‍ ഗുരുതര ആരോപണത്തില്‍പെട്ടുഴലുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയും വ്യോമ മേഖലയില്‍ സ്വദേശി സ്ത്രീകള്‍ക്ക് അവസരം നല്‍കിയതുമുള്‍പ്പെടെയുള്ള പുരോഗമനപരമായ തീരുമാനങ്ങള്‍ എടുത്തതിലൂടെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ സല്‍മാന്‍ രാജകുമാരന് സാധിച്ചിരുന്നു. എന്നാല്‍, ഖഷോഗി കൊലപാതകത്തില്‍ കുറ്റസമ്മതം വന്നതോടെ ഈ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന് പറയാനാകില്ല. കുറ്റസമ്മതം നടത്തിയെങ്കിലും ഖഷോഗിയുടെ കൊലപാതകം ചില ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി ചെയ്തതാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിനോ തനിക്കോ ഒരു പങ്കുമില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ വാക്ക് നാളെ തിരുത്തി പറയേണ്ടിവന്നാലും ഒരു പക്ഷേ കാര്യമായ നടപടികളൊന്നും സൗദിക്കെതിരെ ഉണ്ടാകാന്‍ ഇടയില്ല. സൗദിക്കെതിരെ തിരിയുന്നത് തങ്ങളുടെ തന്നെ കുഴികുത്തലായേക്കുമെന്ന ഭയം ചില ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്. തുടക്കത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ട്രംപ് പോലും ഇപ്പോള്‍ മയപ്പെട്ടത് ഇതിന്റെ ഉദാഹരണമാണെന്നാണ് പറയപ്പെടുന്നത്.

Read More >>