സ്ഥാനാർത്ഥിയുടെ ചമ്മൽ

പത്രപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് ഓര്‍മ്മ / മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ പി.രാജന്‍

സ്ഥാനാർത്ഥിയുടെ ചമ്മൽ

റിപ്പോര്‍ട്ടര്‍ ഡയറി / പി.രാ‍ജന്‍

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലംതൊട്ടേ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുള്ള ഒരാളാണ് ഞാൻ. അന്ന് ഒരു പൂർണ്ണസമയ പത്രപ്രവർത്തകനായിട്ടില്ല. വിദ്യാർത്ഥിയായിരുന്നു. ദേവികുളം ഉപതെരഞ്ഞെടുപ്പാണ് ഞാൻ ആദ്യം റിപ്പോർട്ട് ചെയ്തത്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ഇരട്ട അംഗത്വമുള്ള ദേവികുളത്ത് ഉപ തെരഞ്ഞെടുപ്പ് വരാനിടയായി. സ്ഥാനാർത്ഥികൾ ഐ.എൻ.ടി.യു.സി നേതാവുകൂടിയായിരുന്ന പി.കെ നായരും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന റോസാമ്മ പുന്നൂസുമായിരുന്നു. അന്ന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു അത്. അന്ന് കോൺഗ്രസ്സുകാരുടെ പ്രധാന പ്രാസംഗികൻ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരുടെ കയ്യിൽ കിട്ടിയ ഭരണം കുരങ്ങന്റെ കയ്യിലെ പൂമാലപോലെയാണ് എന്ന് പറഞ്ഞത് ഞാൻ റിപ്പോർട്ട് ചെയ്തതും അത് 'ടൈംസ് ഓഫ് ഇന്ത്യ' പോലുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽ അടിച്ചുവന്നതും എനിക്ക് ഒാർമ്മയുണ്ട്. അന്ന് ഒരു ഇംഗ്ലീഷ് വാർത്താ ഏജൻസിയുടെ സഹായിയായിട്ടാണ് ഞാൻ റിപ്പോർട്ട് ചെയ്യാൻ പോയത്. പക്ഷെ അതൊരു നല്ല അനുഭവം ആയിരുന്നു.

ഇന്നത്തെ ദേവികുളം മണ്ഡലമല്ല അന്ന്. ഏതാണ്ട് ഒരു ജില്ല മുഴുവനുമുള്ള ഒരു ഇരട്ട മണ്ഡലമാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റേ സ്ഥലം വരെ പോയി നടന്ന് സ്ഥാനാർത്ഥികളെ കണ്ടോ സ്ഥാനാർത്ഥികൾക്ക് ഒപ്പം പര്യടനം നടത്തിയിട്ടോ റിപ്പോർട്ട് ചെയ്യുക എന്നത് ദുഷ്ക്കരമായിരുന്നു. പക്ഷെ അന്നത്തെ ആ രീതിയിൽ അത് റിപ്പോർട്ട് ചെയ്തത് എനിക്ക് ഓർമ്മയുണ്ട്. ഇന്ന് സർവ്വസാധാരണമായിട്ടുള്ള ഒരു രീതിയാണ് സ്ഥാനാർത്ഥിയോടൊപ്പമുള്ള തെരഞ്ഞെടുപ്പ് പര്യടനം. അതാണ് രസകരമായ ഒരനുഭവം എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത്.

1962-ൽ എറണാകുളത്ത് നടന്ന ഒരു തെരഞ്ഞെടുപ്പാണ്. കേന്ദ്രമന്ത്രിയായിരുന്ന (കേരളത്തിലെ ആദ്യത്തെ സഹമന്ത്രിയായിരുന്ന) ഒരാളായിരുന്നു സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സാമുദായിക അടിസ്ഥാനത്തിൽ ചില വഴക്കുകളും ഇടപെടലുകളും ഒക്കെയുള്ള ഒരു പശ്ചാത്തലം ഉണ്ട്. എറണാകുളം കോൺഗ്രസ്സിന്റെ ഒരു കുത്തകമണ്ഡലം പോലെയാണ് അന്ന് കരുതപ്പെട്ടിരുന്നത്. അദ്ദേഹത്തോടൊപ്പം ഞങ്ങൾ തേവരയിൽ നിന്ന് അടുത്ത ഒരു ദ്വീപിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി ബോട്ടിൽ സഞ്ചരിച്ചു. സ്ഥാനാർത്ഥിയായ ഈ മന്ത്രി മറ്റൊരു സുഹൃത്തിനെ കണ്ടതും 'അയ്യോ ജോസഫേട്ടനെ കണ്ടിട്ട് എത്ര കാലമായ്' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു. പക്ഷെ അദ്ദേഹത്തെ കൊണ്ടുപോയ മണ്ഡലം പ്രസിഡന്റും ഈ കെട്ടിപ്പിടിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകനും ഈ അനുഭവം വല്ലാത്തൊരു ചമ്മലാണ് ഉണ്ടാക്കിയത്. പൊതുവെയുള്ള ഒരു ധാരണയുണ്ട്, ഏത് വോട്ടരെയും ഒരു സ്ഥാനാർത്ഥി പേരെടുത്ത് പറഞ്ഞു അഭിസംബോധന ചെയ്യുമ്പോൾ പ്രത്യേകിച്ച് ഒരു സന്തോഷമുണ്ടാകും എന്ന്. അത് ഒരു വിപണന തന്ത്രം തന്നെയാണ്.

ഡെയില്‍ കാര്‍ണഗിയുടെ How to win friends and influence people എന്ന പുസ്തകത്തിൽ ഇത് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. കടയിൽ സാധനം വിൽക്കാൻ ചെന്ന ഒരാൾ കടക്കാരന്റെ പേര് ചോദിക്കാതെ തന്നെ അയാളുടെ പേര് ബില്ലിൽ എഴുതുമ്പോൾ കടക്കാരനൊരു ആനന്ദം ഉണ്ടാകും. ഇതേ തന്ത്രം തന്നെയാണ് സ്ഥാനാർത്ഥികൾ പേരെടുത്ത് വോട്ടർമാരെയോ പ്രധാനപ്രവർത്തകരെയോ വിളിക്കുമ്പോൾ അവരിലുണ്ടാക്കുന്ന മമതയും സന്തോഷവും.

പക്ഷെ, നമ്മുടെ ഈ സ്ഥാനാർത്ഥി അങ്ങനെ ഈ പേര് വിളിച്ചപ്പോൾ അദ്ദേഹം ആ വ്യക്തിയായിരുന്നില്ല. ചമ്മലോടുകൂടി അവിടെ കൊണ്ടുപോയ മണ്ഡലം നേതാവ് അദ്ദേഹം അല്ല അതെന്ന് പറഞ്ഞു. ഉടനെ തന്നെ ഈ ചമ്മൽ മാറ്റാൻ എന്നവണ്ണം സ്ഥാനാർത്ഥി ഹോ എനിക്ക് ചേട്ടന്റെ ഓർമ്മയാണ് എന്ന് പറഞ്ഞ് ആ വ്യക്തിയെ സോപ്പിടുന്നതിന് പകരം സേവ്യറേട്ടന്റെ ഓർമ്മയാണ് എന്ന് പറഞ്ഞു. അത് അതിനേക്കാൾ വലിയ മണ്ടത്തരമായിരുന്നു. ആ മനുഷ്യൻ എനിക്ക് ചേട്ടനില്ല എന്നു പറഞ്ഞു. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹമൊരു മുസ്‌ലിമാണെന്ന് മനസിലാക്കാൻ കഴിയുമായിരുന്നു. ഇടത്തോട്ട് മുണ്ടുടുത്ത ഒരാളായിരുന്നു അത്. പക്ഷെ അന്നും ഈ രാഷ്ട്രീയപ്രവർത്തകർക്ക് തൊലിക്കട്ടിക്ക് ഒരു കുറവുമില്ലാത്തത്‌ കൊണ്ട് അത് അദ്ദേഹം ചിരിച്ചുതള്ളുന്ന ആ രംഗം എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

ഈ സ്ഥാനാർത്ഥികൾ മിക്കവാറും ഏതെങ്കിലും കവലയിൽ ചെന്ന് വോട്ട് ചോദിക്കുമ്പോൾ അവിടെ പ്രധാനപ്പെട്ട കച്ചവടം നടത്തുന്ന ആളുടെ പേര് മുൻകൂട്ടി മനസ്സിലാക്കി വെക്കുന്നത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഇത് എന്റെ വ്യക്തിപരമായ വളരെ അടുത്ത സുഹൃത്തായ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവ് കെ.സി ജോർജ് വിജയകരമായി പയറ്റികൊണ്ടിരുന്നതാണ്.

മുറുക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് അദ്ദേഹം ഈ കവലയിൽ മുറുക്കുമ്പോൾ തന്നെ അടുത്ത കവലയിലെ ഏതെങ്കിലും പ്രധാന കച്ചവടക്കാരന്റെ പേരും അദ്ദേഹത്തോട് അടുപ്പവുമുള്ള ഏതെങ്കിലും സംഭവവുമെല്ലാം ശേഖരിച്ച് വെച്ച് അവിടെ ചെന്ന് അദ്ദേഹത്തോട് നേരിട്ട് പറയും. ഈ തന്ത്രം വിജയകരമായി തന്റെ സ്ഥാനാർത്ഥിത്വം അദ്ദേഹത്തിന്റെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതിന് പ്രയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതെനിക്ക് ഓർമ്മയുള്ള ഒരു കാര്യമാണ്.പി.രാജന്‍, ആദ്യകാലചിത്രം

മാതൃഭൂമി ദിനപത്രത്തിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ലേഖകന്‍

Read More >>