എന്റെ ആയുധം എന്റെ എഴുത്താണ്: ഓള്‍ഗ ടോക്കര്‍ചുക്ക്

(2018ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ഓള്‍ഗ ടോക്കര്‍ചുക്കിനെക്കുറിച്ച്) പോളണ്ടില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തയായ എഴുത്തുകാരി ഓള്‍ഗ...

എന്റെ ആയുധം എന്റെ എഴുത്താണ്: ഓള്‍ഗ ടോക്കര്‍ചുക്ക്

(2018ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ഓള്‍ഗ ടോക്കര്‍ചുക്കിനെക്കുറിച്ച്)

പോളണ്ടില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തയായ എഴുത്തുകാരി ഓള്‍ഗ ടോക്കര്‍ചുക്കിനാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ്. 21ാം നൂറ്റാണ്ടിലെ യാത്രയെക്കുറിച്ചുള്ള നോവല്‍ മാത്രമല്ല, 17ാം നൂറ്റാണ്ടു മുതലുള്ള ശരീരഘടനയെക്കുറിച്ചുമുള്ള നോവലാണ് സമ്മാനാര്‍ഹമായ ഫ്‌ളൈറ്റ്‌സ് (Flights).

വാഴ്‌സോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനശ്ശാസ്ത്രജ്ഞയായി പരിശീലനം നേടിയ ഓള്‍ഗ നോവലുകള്‍ക്കു പുറമെ ഒട്ടേറെ കവിതാസമാഹാരങ്ങളും ഗദ്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ചത് ഒരു കവിതാ സമാഹാരമാണ്- കണ്ണാടികളിലെ നഗരങ്ങള്‍ (Cities in Mirror). നല്ല കവിതയാണ് പ്രപഞ്ചത്തിന്റെ ഭാഷയെന്ന് ഓള്‍ഗ ടോക്കര്‍ചുക്ക് പറയുന്നു.

'എന്റെ ആയുധം എന്റെ എഴുത്താണ്. യാഥാര്‍ത്ഥ്യം നിങ്ങള്‍ ഭക്ഷിക്കാനിരിക്കെ, ഭാഷയെ ഞാന്‍ ഒരു കത്തിയും മുള്ളും പോലെ പരിചരിക്കുന്നു' എന്ന് ലണ്ടന്‍ ബുക്ക്‌ഫെയറില്‍ തന്നെ കാണാന്‍ തടിച്ചുകൂടിയ ആരാധകരോട് ഓള്‍ഗ ടോക്കര്‍ചുക്ക് പറഞ്ഞു. പോളണ്ടിലെ ഏറ്റവും വലിയ ഈ എഴുത്തുകാരി നൊബേല്‍ സമ്മാനത്തിനും ഒരിക്കല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

1962ല്‍ പോളണ്ടിലെ ഗോറയിലാണ് ഓള്‍ഗ ജനിച്ചത്. 2008ല്‍ പോളണ്ടിലെ ഏറ്റവും വലിയ അവാര്‍ഡായ നൈക്ക് പ്രൈസ് അവര്‍ക്കു ലഭിച്ചു. പോളിഷ് ഭാഷയില്‍ നിന്ന് പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് ജെന്നിഫര്‍ ക്രാഫ്റ്റ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 'വായനക്കാരനെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഞാനത് എഴുതിയത്' എന്ന് ഓള്‍ഗ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റം വായനക്കാരുടെ ഒരു വലിയ നിരതന്നെ ഈ കൃതിക്ക് നേടിക്കൊടുത്തു.

'2008ല്‍ പോളണ്ടില്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ഇപ്പോള്‍ ഈ വലിയ പുരസ്‌കാരം ലഭിച്ചതില്‍ എനിക്ക് അത്ഭുതമുണ്ട്. നോവലിന് വളരെ ചുരുങ്ങിയ ആയുസ്സേ സാധാരണ ഉണ്ടാകാറുള്ളൂ. ഒരു നോവല്‍ മാസങ്ങളോളമേ ചര്‍ച്ച ചെയ്യപ്പെടാറുള്ളൂ. അപ്പോഴേക്കും ഒരു പുതിയ നോവലിസ്റ്റ് വരുന്നു' -ഓള്‍ഗ ടോക്കര്‍ചുക്ക് പറയുന്നു. യാത്രയെക്കുറിച്ച്, ചലനത്തെക്കുറിച്ച് ഒക്കെ സാര്‍വലൗകിക കഥയെന്ന നിലയില്‍ ഒരു പുതിയ വിതാനം സൃഷ്ടിക്കാന്‍ ഈ നോവലിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എഴുത്തുകാരി.

'ഒരു ഭ്രാന്തന്‍ ലോകത്തിലാണ് നാം. ഒരു നോവലെന്താണെന്ന് നമുക്ക് പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു' എന്നാണ് നോവല്‍ എന്നതിനെക്കുറിച്ച് ലോകപ്രശസ്തയായ ഈ എഴുത്തുകാരി പറയുന്നത്. 'ഒരു യൂറോപ്പിന്റെ വിലാപ കാവ്യമായും നിങ്ങള്‍ക്കീ നോവല്‍ (ഫ്‌ളൈറ്റ്‌സ്) വായിക്കാം'-ഓള്‍ഗ ടോക്കര്‍ചുക്ക് കൂട്ടിച്ചേര്‍ത്തു.

Story by
Next Story
Read More >>