താവഴികൾ കോർത്തിണക്കി അവർ ഒരുമിച്ചു

നാളെ അന്തര്‍ദേശീ‍യ കുടുംബദിനം

താവഴികൾ കോർത്തിണക്കി അവർ ഒരുമിച്ചു

ഷര്‍ഫിന.പി.കെ

കണ്ണൂർ: കൂടുമ്പോൾ ഇമ്പമുള്ളത് അതാണ് കുടുംബം. അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമായി ഒതുങ്ങുന്ന അണുകുടുംബങ്ങളുള്ള ഇക്കാലത്ത് മാതൃകയാവുകയാണ് 28ൽപരം ശാഖകളായി പടര്‍ന്നുപന്തലിച്ചുകിടക്കുന്ന പത്തുക്കാലൻ കുടുംബം. നാലര നൂറ്റാണ്ടിന്റെ പാരമ്പര്യം കണ്ണിചേർത്ത് കഴിഞ്ഞമാസം 28ന് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ അവർ ഒത്തുചേർന്നു. ജില്ലയിലാകെ പരന്നുകിടക്കുന്ന പത്തുക്കാലൻ കുടുബാംഗങ്ങൾ മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും ഒരുക്കങ്ങൾക്കുമൊടുവിലാണ് ഒത്തുകൂടിയത്. രക്തബന്ധത്തിന്റേയും മനുഷ്യത്വത്തിന്റേയും മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയകാലത്ത് അത്തരം മൂല്യങ്ങൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബങ്ങൾ സംഗമിച്ചത്.

നീലമേലാപ്പിട്ട വിണ്ണിൻചുവട്ടിൽ കാറ്റാടിമരങ്ങളുടെ കാറ്റേറ്റ് കഥകൾ പറഞ്ഞും ഓർമകൾ അയവിറക്കിയും കുടുംബങ്ങൾ സന്തോഷം പങ്കിട്ടു.അപൂര്‍വസംഗമത്തിന് സാക്ഷിയായതിന്റെ ആഹ്ളാദത്തിലാണു കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ 103 വയസ്സുള്ള ആസ്യുമ്മ അടക്കമുള്ളവര്‍.

ഒരേ ചോരയാണെങ്കിലും കുടുംബങ്ങളിലെ പലരും അന്നാണ് നേരിൽ കണുന്നത്. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പാളയത്ത് സ്ഥിതിചെയ്യുന്ന പത്തുക്കാലൻ തറവാടിനെ ചുറ്റിപ്പറ്റി രണ്ട് ചരിത്രകഥകളാണ് ഉള്ളത്.

അഞ്ചരക്കണ്ടിയിലെ നമ്പൂതിരി ഇല്ലമായിരുന്നു പണ്ട് ഈ തറവാട്. നടുവിലിടത്ത് നമ്പൂതിരി ഇല്ലം. ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് ടിപ്പു അഞ്ചരക്കണ്ടിയൽ വരികയും ഇല്ലത്തെ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങൾ ഇസ്ലാം സ്വീകരിച്ചതിലൂടെയാണ് പത്തുക്കാലൻ കുടുംബത്തിന്റെ ഉത്ഭവം എന്ന് അഞ്ചരക്കണ്ടി പാളയം ജുമാമസ്ജിദ് പള്ളി സുവനീറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പത്തുക്കാലന്റെ ഉത്ഭവകുടുംബമായി നടുവിലിടത്ത് പത്തുക്കാലനെയാണ് കണക്കാക്കുന്നത്.

പള്ളി മഹല്ല് സ്ഥിതിചെയ്യുന്ന സ്ഥലം പത്തുക്കാലൻ കുടുംബത്തിന്റെ സംഭാവനയാണെന്നും തുടർന്നുള്ള ഇസ്ലാമിക പ്രബോധനങ്ങളൊക്കെ ഈ തറവാടിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും സുവനീറിൽ പറയുന്നു. രണ്ടാമത്തെ വാദഗതി അഞ്ചരക്കണ്ടിയിലെ കക്കുന്നോത്ത് ഭഗവതി ക്ഷേത്രകമ്മിറ്റിയുടേതാണ്. ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെടുത്തിയാണു ആ കഥ. അഞ്ചരക്കണ്ടിയിലെ ഈ ക്ഷേത്രം ആക്രമിക്കരുതെന്ന് പത്തുക്കാലൻ കുടുംബം ടിപ്പുവിനോട് അപേക്ഷിച്ചതായി പറയപ്പെടുന്നു. തറവാടിനോടുള്ള സ്മരണാർത്ഥം ഇന്നും ക്ഷേത്രത്തിൽ ഉത്സവകാലത്ത് ഒരു തറ ഒഴിച്ചിടാറുണ്ട്. മഞ്ഞളും വെറ്റിലയും അടങ്ങിയ ഒരു കിഴി പത്തുക്കാലൻ കുടുംബത്തിനായി മാറ്റിവയ്ക്കും. കുടുബത്തിലെ ആരെങ്കിലും അത് പോയി വാങ്ങാറാണ് പതിറ്റാണ്ടുകളായുള്ള പതിവ്. ക്ഷേത്രസംരക്ഷണത്തിനായും ടിപ്പു നിലകൊണ്ടതായും അതിന്റെ ഭാഗമായാണ് തങ്ങളുടെ ക്ഷേത്രത്തെ സംരക്ഷിച്ചതെന്നും ഒരു കൊടുക്കൽവാങ്ങൽ സമ്പ്രദായം ഈ ദേശത്ത് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നുവെന്നും ക്ഷേത്ര ഐതിഹ്യം പറയുന്നു.

പില്‍ക്കാലത്ത് കുടുംബാംഗങ്ങൾ മരുമക്കത്തായ സമ്പ്രദായം പിന്തുടരുകയും ഉപശാഖകളായി വഴിമാറുകയും ചെയ്തു. അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി, ഇരിക്കൂർ, ആറളം തുടങ്ങി ജില്ലയിലെ പല ഭാഗങ്ങളിലായി ശാഖകളും ഉപശാഖകളുമായി കഴിയുകയാണ് പത്തുക്കാലൻ കുടുംബം. മൊത്തത്തിൽ പതിനായിരത്തിൽപ്പരം അംഗങ്ങൾ ഈ തറവാടിനുണ്ടെന്നാണ് പത്തുക്കാലൻ കുടുംബാംഗവും മാദ്ധ്യമപ്രവർത്തകനുമായ പി.ബി ഫെർമിസ് പറയുന്നത്.

ഇത്രയും കുടുംബങ്ങളെ എന്തുകൊണ്ട് ഒരുമിപ്പിച്ചുകൂടായെന്ന ചിന്തയില്‍നിന്നാണ് കുടുംബസംഗമം എന്ന ആലോചന വരുന്നത്. വെറുമൊരു സംഗമം മാത്രമായി ഇതിനെ കണക്കാക്കുന്നില്ലെന്നും ചാരിറ്റി ട്രസ്റ്റും മറ്റ് സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹമെന്നും പത്തുക്കാലൻ കണ്ടത്തിൽ അംഗവും കുടുംബസംഗമത്തിന്റെ ജനറൽ കൺവീറുമായ പി.എ ഫൈസൽ പറയുന്നു.

Read More >>