വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; യുവജന സംഘടകനകള്‍ ഇന്ന് തെരുവിലിറങ്ങും

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും കോൺഗ്രസ് നേതാവ് വിഎം സുധീരനും പെൺകുട്ടികളുടെ വീട് സന്ദർശിക്കും

വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; യുവജന സംഘടകനകള്‍ ഇന്ന് തെരുവിലിറങ്ങും

വാളയാർ: വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധം കനക്കുന്നു.കേസ് അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് സർക്കാർ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് വിവിധ യുവജന സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

യഥാർത്ഥ പ്രതികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്ന് എസ് പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.

രാവിലെ 10ന് യൂത്ത് കോൺഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. ബിജെപിയും യുവമോർച്ചയും ഇന്ന് എസ്പി ഓഫീസ് മാർച്ച് നടത്തുന്നുണ്ട്. രാവിലെ 10 മണിയോടെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും വൈകീട്ട് 5.30ന് കോൺഗ്രസ് നേതാവ് വിഎം സുധീരനും പെൺകുട്ടികളുടെ വീട് സന്ദർശിക്കും.
2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് തെളിവുകൾ ഹാജരാക്കാന്‍ സാധിക്കാത്തതിനാൽ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.

അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം.

അതേസമയം വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാർ കേസിൽ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. മതിയായ തെളിവുകൾ കിട്ടിയാൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം രണ്ടു പെൺകുട്ടികളും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് നിയമ വിഗദ്ധരുടെ നിരീക്ഷണം. ആദ്യം കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ്കുമാറിന് വേണ്ടി ഹാജരായ ആളെ പിന്നീട് സിഡബ്യുസി ചെയർമാനാക്കിയ നടപടി അന്വേഷിക്കുമെന്ന് സാമൂഹ്യ ക്ഷേമമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു.

എന്നാൽ അപ്പീലിലോ, പൊലീസ് അന്വേഷണത്തിലോ തനിക്ക് വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

Read More >>