ഇതൊക്കെ പൗരത്വ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ പൊടിക്കൈ, മാപ്പു പറയില്ല: രാഹുൽ ഗാന്ധി

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്

ഇതൊക്കെ പൗരത്വ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ പൊടിക്കൈ, മാപ്പു പറയില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: 'റെയ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ മാപ്പു പറയണമെന്ന ബി.ജെ.പി എം.പിമാരുടെ ആവശ്യത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എം.പി. താൻ മാപ്പു പറയില്ലെന്ന് രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ' പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ഞാൻ മാപ്പു പറയില്ല.'-രാഹുൽ ഗാന്ധി പറഞ്ഞു.

പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം മാപ്പു പറയണമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു.

'ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ആഹ്വാനം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്കുള്ള ഇത് രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ ഇത്? രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണം.'- സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിമാരുടെ ബഹളത്തെ തുടർന്ന് 12 മണി വരെ സഭ നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 'നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.' -എന്നിങ്ങനെയായിരുന്നു രാഹുൽ പറഞ്ഞത്.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭയിൽ ബി.ജെ.പി പ്രതിഷേധിക്കുമ്പോൾ അദ്ദേഹത്തെ ന്യായീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തി. പ്രസ്താവന നടത്തിയത് സഭയ്ക്കകത്ത് അല്ലെന്നും യഥാർത്ഥത്തിൽ നടക്കുന്നത് റേപ് ഇൻ ഇന്ത്യ ആണെന്നും കനിമൊഴി പ്രതികരിച്ചു. പ്രധാനമന്ത്രി മെയ്ക്ക് ഇൻ ഇന്ത്യയെന്നു പറയുമ്പോൾ രാജ്യത്ത് എന്താണു നടക്കുന്നതെന്നാണു രാഹുൽ പറയാൻ ഉദ്ദേശിച്ചതെന്നും കനിമൊഴി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ നടക്കുന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണെന്നും മറിച്ച് രാജ്യത്തെ സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടുകയാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. എന്നാൽ, കനിമൊഴിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കനിമൊഴിയുടെ പ്രസ്താവന വെറുപ്പ് തോന്നുന്നുവെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെങ്കിലും പ്രതിപക്ഷം പാർട്ടി തലങ്ങളിൽ നിന്നു മാറണമെന്നും സ്മൃതി പറഞ്ഞു.

Read More >>