ഡൽഹിയിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല; കെജരിവാൾ വിജയിച്ചാൽ അത് 'വികസനത്തിന്റെ' വിജയം- അധിർ രഞ്ജൻ ചൗധരി

വികസന നേട്ടങ്ങൾ മുന്നോട്ടുവച്ചായിരുന്നു അരവിന്ദ് കെജരിവാൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്

ഡൽഹിയിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല; കെജരിവാൾ വിജയിച്ചാൽ അത്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തങ്ങൾ അവകാശപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഞായറാഴ്ച മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാൽ ഞങ്ങൾ മുഴുവൻ ശക്തിയോടെയാണ് പോരാടിയത്.ഫലം നമ്മൾ എല്ലാവരേയും സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണം നടത്തിയത് സാമുദായിക അജണ്ടകൾ വച്ചാണ്. അതേസമയം, അരവിന്ദ് കെജരിവാൾ പ്രചാരണം നടത്തിയത് വികസന അജണ്ടകൾ മുന്നോട്ടുവച്ചായിരുന്നു. ഇനി കെജരിവാൾ ജയിച്ചാൽ അത് വികസന അജണ്ടകളുടെ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഡൽഹിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് പി.സി ചാക്കോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് അധിർ ചൗധരിയുടെ പ്രതികരണം. ഡൽഹിയിൽ എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് അതു ഫലപ്രഖ്യാപനത്തിനു ശേഷമേ പറയാനാകൂ എന്നായിരുന്നു പി.സി ചാക്കോയുടെ പ്രതികരണം.

വികസന നേട്ടങ്ങൾ മുന്നോട്ടുവച്ചായിരുന്നു അരവിന്ദ് കെജരിവാൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാർ സ്‌കൂളുകൾ, പൊതു ആരോഗ്യ മേഖല, വൈദ്യുതി, കുടിവെള്ള വിതരണം തുടങ്ങിയവയായിരുന്നു കെജരിവാളിന്റെ പ്രചാരണ ആയുധങ്ങൾ. അതേസമയം, ഷാഹീൻ ബാഗിൽ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൽഹിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള നേതാക്കൾ ഷാഹീൻ ബാഗ് എന്ന ഒറ്റ വിഷയത്തിൽ നിന്നുകൊണ്ടായിരുന്നു ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമിരിക്കുന്നവർ രാജ്യദ്രോഹികളാണെന്നും കെജരിവാൾ തീവ്രവാദിയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു.

Next Story
Read More >>