ബിജെപിക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനകം ഇല്ലാതാക്കും; ഭീഷണിയുമായി കേന്ദ്രമന്ത്രി

ഗാസിപൂറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു എതിരാളികള്‍ക്ക് ഭീഷണിയുമായി സിന്‍ഹ രംഗത്ത് എത്തിയത്

ബിജെപിക്ക് നേരെ  വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനകം ഇല്ലാതാക്കും; ഭീഷണിയുമായി കേന്ദ്രമന്ത്രി

ഗാസിപൂര്‍: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനകം ഇല്ലാതാക്കുമെന്ന ഭീഷണിയുമായി കേന്ദ്രസഹമന്ത്രി മനോജ് സിന്‍ഹ. ഗാസിപൂറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു എതിരാളികള്‍ക്ക് ഭീഷണിയുമായി സിന്‍ഹ രംഗത്ത് എത്തിയത്.

'അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാണ്. ഞാനുറപ്പിച്ചു പറയുകയാണ്, ബി.ജെ.പി പ്രവര്‍ത്തകന് നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍, നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ കേട് പറ്റാതെ സുരക്ഷിതമായിരിക്കില്ല' -സിന്‍ഹ മുന്നറിയിപ്പ് നല്‍കി.

ഗാസിപൂറിലുള്ള ബിജെപി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ മാത്രം ശക്തിയുള്ളവര്‍ കിഴക്കന്‍ മേഖലയില്‍ ഉണ്ടാവരുത്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ മണ്ണില്‍ കുഴിച്ചു മൂടും-സിന്‍ഹ പറഞ്ഞു.

ഗാസിപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായിട്ടുള്ള വ്യക്തിയാണ്. ജവഹര്‍ ലാല്‍ നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യം ഇന്ന് നേരിടുന്നതുപോലെയുള്ള ഭീകരവാദ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്ന് സിന്‍ഹ കഴിഞ്ഞയിടെ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.

Read More >>