മതസ്വാതന്ത്ര്യം ഭരണനിർവ്വഹണത്തിനു പരമപ്രധാനം; മോദി-ട്രംപ് കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ്

പൗരത്വനിയമഭേദഗതി അടക്കം ചർച്ചയിൽ ഉന്നയിക്കപ്പെടാം

മതസ്വാതന്ത്ര്യം ഭരണനിർവ്വഹണത്തിനു പരമപ്രധാനം; മോദി-ട്രംപ് കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ രാജ്യത്ത മതസ്വാതന്ത്ര്യം പ്രധാന ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ്. 'ഇരുരാജ്യങ്ങളുടേയും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും ട്രംപ് സംസാരിക്കും. മതസ്വാതന്ത്ര്യ പ്രശ്‌നത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ച നടത്തുക. ഭരണനിർവ്വഹണത്തിനു മതസ്വാതന്ത്ര്യം പരമപ്രധാനമാണ്'- മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പൗരത്വനിയമഭേദഗതി അടക്കം ചർച്ചയിൽ ഉന്നയിക്കപ്പെടാം. സംയുക്തപ്രസ്താവനയിലും വിഷയം പരാമർശിക്കപ്പെടാൻ സാധ്യതയെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

അതേസമയം, നമസ്‌തേ ട്രംപ് പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അഹമ്മദാബാദ് നഗരം. ട്രംപും മോദിയും പങ്കെടുക്കുന്ന പരിപാടിക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് എന്നിവരുടെ സുരക്ഷയിലാണ് അഹമ്മദാബാദ്.

ട്രംപ് വന്നിറങ്ങുന്ന സർദാർ പട്ടേൽ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നാരംഭിക്കുന്ന റോഡ്‌ഷോ അവസാനിക്കുന്ന മൊട്ടേര സ്റ്റേഡിയം വരെ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സീക്രട്ട് സർവീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങൾ വാഷിങ്ടണിൽനിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദിൽ എത്തിച്ചിരുന്നു.

Next Story
Read More >>