മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെ; ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ല: ടിക്കാറാം മീണ

മഞ്ചേശ്വരത്തെ 43-ാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയ നബീസയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെ; ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ല: ടിക്കാറാം മീണ

മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയ നബീസയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നബീസയുടെ ഭർത്താവ് മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ആറ് മണിവരെ എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അവര്‍ അയച്ച തപാല്‍ ഓഫിസില്‍ കിട്ടിയിട്ടുണ്ടെന്നും ഉള്ളടക്കം പരിശോധിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

ഒരു സംഘടനയോടും അവമതിപ്പില്ല. തെരഞ്ഞെടുപ്പ് കഴി‌ഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍എസ്എസ് സമദൂരം വിട്ട് ശരിദൂരം സ്വീകരിച്ചത് പ്രശ്‌നമായെന്ന മീണയുടെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അയച്ച നോട്ടീസിലെ ആവശ്യം.

Read More >>