നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; ശശി തരൂരിനെതിരെ ബി.ജെ.പി എം.പി

യു.എസ് ജനപ്രതിനിധികളുടെ ഈ പ്രമേയത്തെ 'പ്രശംസനീയം' എന്നാണ് തരൂർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്

നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; ശശി തരൂരിനെതിരെ ബി.ജെ.പി എം.പി

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങൾ രാഷ്ട്രീയവത്ക്കരിക്കാനുള്ള ഒരു അവസരവും കോൺഗ്രസ് പാഴാക്കില്ലെന്ന് അവർ ആരോപിച്ചു. ജമ്മു-കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട യു.എസ് പ്രതിനിധി സഭാംഗങ്ങളുടെ പ്രസ്താവനയെ പ്രശംസിച്ച തരൂരിനെതിരെയാണ് ബി.ജെ.പി വിമർശിച്ചത്.

' ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടുന്നതിനെ അഭിനന്ദിച്ച നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു. ഇതാദ്യമായാണ് ജമ്മു-കശ്മീരില്‍ തീവ്രവാദ പ്രവർത്തനങ്ങൾ വളരെ കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആളുകൾക്ക് സുരക്ഷിതത്വം തോന്നുന്നു. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും രാജ്യത്തെ അപകീർത്തിപ്പെടുത്താനുമുള്ള ഒരു അവസരവും കോൺഗ്രസ് ഒരിക്കലും നഷ്ടപ്പെടുത്തില്ല.'- അവർ ട്വീറ്റ് ചെയ്തു.

ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും ശോഭയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി.

യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗമായ ഇന്ത്യൻ-അമേരിക്കൻ വംശജ പ്രമീള ജയപാൽ, റിപ്പബ്ലിക്കൻ പാർട്ടി അംഗം സ്റ്റീവ് വാറ്റ്കിൻസ് എന്നിവരാണ് ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ പ്രമേയം കൊണ്ടുവന്നത്.

' ജമ്മു-കശ്മീരിൽ കൊണ്ടുവന്ന ആശയവിനിമയ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം.ആശയവിനിമയത്തിനുള്ള ശേഷിക്കുന്ന നിയന്ത്രണങ്ങൾ നീക്കുക, ജമ്മു-കശ്മീരിലുടനീളം ഇന്റർനെറ്റ് സേവനനം പുനഃസ്ഥാപിക്കുക, ജമ്മു കശ്മീരിൽ തടവിലാക്കിയ ആളുകളെ വേഗത്തിൽ മോചിപ്പിക്കുക, തടവിൽ നിന്ന് വിട്ടയക്കുന്നുവരെ പൊതുവേദികളിൽ പ്രസംഗിക്കുന്നത് തടയുന്ന കരാർ പിൻവലിക്കുക, അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷകരെയും പത്രപ്രവർത്തകരെയും ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനും ഭീഷണികളില്ലാതെ ഇന്ത്യയിലുടനീളം സ്വതന്ത്രമായി പ്രവർത്തിക്കാനും അനുവദിക്കുക, മത ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ഉൾപ്പെടെ മതപരമായി പ്രേരിതമായ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു.'-എന്നായിരുന്നു യു.എസ് ജനപ്രതിനിധി സഭാംഗങ്ങളുടെ പ്രമേയം.

യു.എസ് ജനപ്രതിനിധികളുടെ ഈ പ്രമേയത്തെ 'പ്രശംസനീയം' എന്നാണ് തരൂർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 'ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുക, ജമ്മു കശ്മീരിലെ തടങ്കലുകൾ അവസാനിപ്പിക്കുക, യു.എസ് ജനപ്രതിനിധി സഭയുടെ ഉഭയകക്ഷി പ്രമേയം ആവശ്യപ്പെടുന്നു. യു.എസ് പ്രതിനിധികളുടേത് പ്രശംസനീയമായ ശ്രമമാണ്. അതേസമയം നമ്മുടെ പാർലമെന്റിൽ കശ്മീർ വിഷയത്തിൽ ശീതകാല സമ്മേളനത്തിൽ ഒരു ചർച്ച പോലും നടത്താൻ നമുക്ക് കഴിഞ്ഞില്ല. നാണക്കേട്'-എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

Read More >>