ശബരിമല: പരിവാര്‍ സംഘടനകള്‍ക്ക് പൊലീസിന്റെ കൂച്ചു വിലങ്ങ്

സന്നിധാനത്ത് തങ്ങുന്ന മറ്റു ബി.ജെ.പി നേതാക്കളെയും ഇന്ന് പൊലീസ് ഒഴിപ്പിച്ചേക്കും. വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തു നീക്കാനും സാധ്യതയുണ്ട്. രണ്ടു ദിവസമായി സന്നിധാനത്തു തങ്ങുന്ന ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനോട് തിരിച്ചുപോകാന്‍ സന്നിധാനം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്.

ശബരിമല: പരിവാര്‍ സംഘടനകള്‍ക്ക്  പൊലീസിന്റെ കൂച്ചു വിലങ്ങ്

പമ്പ: തുലാമാസ-ചിത്തിര ആട്ട വിശേഷ നാളുകളില്‍ ശബരിമല കൈയടക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാന്‍ വിട്ടു വീഴ്ചയില്ലാത്ത നടപടികളുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തേയ്ക്ക് പോകാന്‍ എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെയും പൊലീസ് അറസ്റ്റു ചെയ്തത് ഇതിന്റെ ഭാഗമായാണ്. ഇരുവരും സന്നിധാനത്ത് എത്തിയാല്‍ സുരക്ഷാ വീഴ്ചയുണ്ടാകുമെന്നാണ് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കൂടാതെ സന്നിധാനത്ത് തങ്ങുന്ന മറ്റു ബി.ജെ.പി നേതാക്കളെയും ഇന്ന് പൊലീസ് ഒഴിപ്പിച്ചേക്കും. വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തു നീക്കാനും സാധ്യതയുണ്ട്. രണ്ടു ദിവസമായി സന്നിധാനത്തു തങ്ങുന്ന ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനോട് തിരിച്ചുപോകാന്‍ സന്നിധാനം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്.

പ്രതിഷേധക്കാര്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കടക്കാതിരിക്കാന്‍ മൂന്നിടവും പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഇരുമുടിക്കെട്ടില്ലാതെ കാണുന്നവരെ തിരിച്ചയയ്ക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചും, ദര്‍ശനം നടത്തിയവരെ സന്നിധാനത്തും പമ്പയിലും തങ്ങാതെ ഒഴിപ്പിച്ചുമുള്ള നടപടി തുടരുകയാണ്. തീര്‍ത്ഥാടകരെത്തുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് ഇവരെ കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലേയ്ക്ക് അയയ്ക്കുന്നത്. നിലയ്ക്കലില്‍ നിന്നുള്ള ബസുകളില്‍ പ്രതിഷേധക്കാരോ യുവതികളോ ഉണ്ടോയെന്നറിയാനുള്ള പരിശോധന കര്‍ശനമാണ്.

ദര്‍ശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ,ശബരിമലയിലെ സംഘര്‍ഷാവസ്ഥ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളെ അകറ്റുകയാണ്്. തമിഴ്നാട്, കര്‍ണ്ണാടക തീര്‍ത്ഥാട സംഘങ്ങളാണ് ഇതില്‍ പ്രധാനം. പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഇവരെ അകറ്റിനിര്‍ത്തുന്നത്. പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്തതും നിലയ്ക്കലില്‍ തീര്‍ത്ഥാടകരെ തടയുന്നതും മുന്‍വര്‍ഷങ്ങളിലെ പോലെ രാത്രിയില്‍ മലകയറാന്‍ കഴിയാത്തതും ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതും കാരണങ്ങളാണ്.

മണ്ഡലകാല പൂജയുടെ രണ്ടാം ദിവസവും ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച കൂടുതല്‍ മലയാളി തീര്‍ത്ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് രാവിലെ എത്തിയത്. ഇന്ന് ഉച്ചവരെ മല ചവിട്ടിയവരില്‍ ഏറെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു. കഴിഞ്ഞ വൃശ്ചികപ്പുലരിയില്‍ ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് കണക്ക്. ഇക്കുറി അത് പകുതിയായി കുറഞ്ഞു. പുലര്‍ച്ചെ നടതുറക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും തീര്‍ത്ഥാടക നിര മരക്കൂട്ടം വരെ നീളാറുണ്ട്. ഇത്തവണ നടതുറന്ന ദിവസം തന്നെ ഭക്തരുടെ എണ്ണം കുറഞ്ഞത് വരും ദിവസങ്ങളിലും പ്രകടമാകുമെന്നാണ് കണക്കാക്കുന്നത്.

Read More >>