നവകേരളത്തിനായി പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍

നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും.

നവകേരളത്തിനായി പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സംഘടിപ്പിക്കാനൊരുങ്ങി സാമൂഹ്യ സംഘടനകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം‌. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനുവരി ഒന്നിന്‍റെ വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണ് ലക്ഷ്യം. കേരള സമൂഹത്തെ ഇരുണ്ട കാലത്തേക്ക് ആര്‍ക്കും തള്ളിവിടാനാവില്ല എന്ന പ്രഖ്യാപനമായിരിക്കും ജനുവരി ഒന്നിന് കേരളത്തില്‍ മുഴങ്ങുക.

നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്.

നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടത്. നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോ പൊലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയില്‍ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവര്‍ മാറി നിന്നാല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല. പാഠഭാഗങ്ങളില്‍ നവോത്ഥാന മൂല്യങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടര്‍ച്ചയും ലക്ഷ്യമാക്കിയാണ് സമുദായ സംഘടനകളുടെയടക്കം യോഗം വിളിച്ചത്. 190 ഓളം സംഘടനാ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്ന യോഗത്തില്‍ എന്‍.എസ്.എസ്. പങ്കെടുത്തില്ല. അതേസമയം എന്‍.എസ്.എസിനെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സംഘടനകളില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അവര്‍ വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ സംഘാടനത്തിനുള്ള ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍.

പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍. വൈസ് ചെയര്‍മാന്‍മാരായി വിദ്യാസാഗര്‍, വി.രാഘവന്‍, ജോ.കണ്‍വീനര്‍മാരായി സി.ആര്‍.ദേവദാസ്, സി.പി.സുഗതന്‍, ഇ.എന്‍.ശങ്കരന്‍, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു. പി.രാമഭദ്രന്‍.പി.കെ.സജീവ്, കെ.രാമന്‍കുട്ടി., രാജേന്ദ്ര പ്രസാദ്, എന്‍.കെ.നീലകണ്ഠന്‍, എം.വി.ജയപ്രകാശ്, അഡ്വ.കെ.ആര്‍.സുരേന്ദ്രന്‍, കരിമ്പുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാദേവി, ടി.പി.കുഞ്ഞുമോന്‍, കെ.കെ.സുരേഷ് എന്നിവർ എക്‌സി.കമ്മിറ്റി അംഗങ്ങളാണ്.

Read More >>