മോദിക്ക് രാഹുൽ ഒരു എതിരാളിയേ അല്ല, വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം: ആരോപണവുമായി രാമചന്ദ്ര ഗുഹ

കേരളം ഒരുപാട് അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട്. പക്ഷേ, ഒരേ ഒരു തെറ്റ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുവെന്നതാണെന്നും അദ്ദേഹം ആരോപിച്ചു

മോദിക്ക് രാഹുൽ ഒരു എതിരാളിയേ അല്ല, വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം: ആരോപണവുമായി രാമചന്ദ്ര ഗുഹ

കോഴിക്കോട്: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു എതിരാളിയേ അല്ലെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

'അഞ്ചാം തലമുറയിലെ നാടുവാഴി'ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ 'കഠിനാധ്വാനിയും സ്വയ നിർമ്മിതനുമായ' മോദിക്ക് എതിരാളിയാകാൻ സാധിക്കില്ല. പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിലൂടെ കേരളം വിനാശകരമായ ഒരു കാര്യമാണ് ചെയ്ത്. വ്യക്തിപരമായി എനിക്ക് രാഹുൽ ഗാന്ധിയോട് വിരോധമില്ല. അദ്ദേഹം മാന്യനായ വ്യക്തിയാണ്, വളരെ നല്ല പെരുമാറ്റമുള്ളയാളാണ്. എന്നാൽ ഇന്നത്തെ ഇന്ത്യയ്ക്ക് അഞ്ചാം തലമുറയിലെ നാടുവാഴിയെ ആവശ്യമില്ല. 2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും മലയാളികൾ തെരഞ്ഞെടുത്താൽ, നിങ്ങൾ നരേന്ദ്ര മോദിക്ക് വീണ്ടും ഒരു അവസരം നൽകുകയാണ് ചെയ്യുന്നത്.'- ഗുഹ പറഞ്ഞു. കേരളം ഒരുപാട് അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട്. പക്ഷേ, ഒരേ ഒരു തെറ്റ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുവെന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

'നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ നേട്ടമെന്ന് പറയുന്നത് അദ്ദേഹം രാഹുൽ ഗാന്ധി അല്ല എന്നതാണ്. അദ്ദേഹം സ്വയം രാഷ്ട്രീയത്തിൽ ഉയർന്നുവന്നയാളാണ്. ഒരു സംസ്ഥാനം 15 വർഷം ഭരിച്ചു. ഭരണനിർവ്വഹണത്തിൽ അദ്ദേഹത്തിന് പരിചയമുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്, മാത്രമല്ല യൂറോപ്പിൽ അദ്ദേഹം ഒഴിവുസമയങ്ങൾ ആഘോഷിക്കാറില്ല. എന്നെ വിശ്വസിക്കൂ, ഞാൻ ഈ പറയുന്നതെല്ലാം ഗൗരവമേറിയ കാര്യങ്ങളാണ്. പക്ഷേ, രാഹുൽ ഗാന്ധി കൂടുതൽ ബുദ്ധിമാനും കഠിനാധ്വാനിയുമായിരിക്കും, യൂറോപ്പിൽ ഒഴിവുസമയം ആഘോഷിച്ചിട്ടുമുണ്ടാകില്ല. എന്നാൽ, അഞ്ചാം തലമുറയിൽ പെട്ടയാളെന്ന നിലയിൽ സ്വയം ഉയർന്നുവന്ന ഒരു വ്യക്തിക്കെതിരെ പോരാടാൻ അദ്ദേഹത്തിന് കഴിയില്ല.'- ഗുഹ പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. 'ഇന്ത്യയിൽ ജന്മിത്ത വ്യവസ്ഥ കുറയുകയും കൂടുതൽ ജനാധിപത്യപരമായി മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഗാന്ധി കുടുംബം ഇത് മനസ്സിലാക്കുന്നില്ല. സോണിയ ഇപ്പോൾ ഡൽഹിയിലാണ്. നിങ്ങളുടെ രാജ്യം കൂടുതൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും നിങ്ങളാണ് ഇപ്പോഴും ബാദ്ഷയെന്ന് നിങ്ങളുടെ മുഖസ്തുതിക്കാർ പറയുന്നു.'- ഗുഹ ആരോപിച്ചു.

Next Story
Read More >>