പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കന്‍ തുടങ്ങിയവരും വേദിയിലുണ്ട്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിലെത്തുന്നതിന് മുമ്പ് സുരക്ഷാ ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കൊല്ലം എ.ആര്‍ ക്യാംപിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഉദ്യോഗസ്ഥനെ അടിയന്തിരമായി സ്ഥലത്ത് നിന്നും മാറ്റി.

Read More >>