തെരഞ്ഞെടുപ്പ് ബോണ്ടിനു സ്റ്റേയില്ല; നിലപാടറിയിക്കാൻ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിം കോടതി രണ്ടാഴ്ച സമയം നൽകി

ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടിനെ മറയാക്കി അജ്ഞാത ഫണ്ടുകൾ എത്തുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി

തെരഞ്ഞെടുപ്പ് ബോണ്ടിനു സ്റ്റേയില്ല; നിലപാടറിയിക്കാൻ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിം കോടതി രണ്ടാഴ്ച സമയം നൽകി

ന്യഡൂൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ഹർജി തള്ളി സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജികളിൽ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.

എൻ.ജി.ഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്രിക് റിഫോംസിനുവേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സുപ്രിം കോടതിയെ സമീപ്പിച്ചത്. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സാധുത സുപ്രിം കോടതി അന്തിമമായി തീരുമാനിക്കുന്നതുവരെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ ഒഴുക്കുണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. ബോണ്ട് വാങ്ങുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തില്ല തുടങ്ങിയ വ്യവസ്ഥകൾ ഗൂഢലക്ഷ്യത്തോടെയാണെന്നാണ് പൊതുതാൽപര്യഹർജികളിലെ ആരോപണം. എന്നാൽ നേരത്തെ പരിഗണിച്ച ബെഞ്ച് സ്റ്റേ അനുവദിക്കാത്ത് കോടതി ചൂണ്ടിക്കാട്ടി.

'ഡൽഹി തെരഞ്ഞെടുപ്പ് ഓർമ്മയുണ്ടായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് നേരത്തേ ഹർജിയുമായി കോടതിക്കു മുമ്പിൽ വന്നില്ല? എതിർഭാഗത്തിനു മറുപടി സമർപ്പിക്കാൻ സമയം നൽകേണ്ടതുണ്ട്.'-കോടതി പറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടിനെ മറയാക്കി അജ്ഞാത ഫണ്ടുകൾ എത്തുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ടുകൾ അടിയന്തരമായി നിർത്തലാക്കേണ്ടതിന്റെ സുപ്രധാന രേഖകൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മറുപടി നൽകാൻ നാലാഴ്ച സമയം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി നാലാഴ്ച നൽകാനാകില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും ഉത്തരവിടുകയായിരുന്നു.

Next Story
Read More >>