നിര്‍ഭയ കേസ്; മരണവാറന്‍റിനെതിരെ ഹൈക്കോടതിയില്‍ പ്രതിയുടെ ഹര്‍ജി; ഇന്നു പരിഗണിക്കും

ഈ മാസം 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നിര്‍ഭയ കേസ്; മരണവാറന്‍റിനെതിരെ ഹൈക്കോടതിയില്‍ പ്രതിയുടെ ഹര്‍ജി; ഇന്നു പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്‍റ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തൽ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുകയും ചെയ്തു. ഈ മാസം 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുകേഷ് സിംഗിന്‍റെയും പ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണ ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയ‌ൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22നായിരിക്കും തൂക്കിലേറ്റുക.


Next Story
Read More >>