ദേവീന്ദർ സിങ്ങിനെതിരെ യു.എ.പി.എ ചുമത്തി എൻ.ഐ.എ; ഡൽഹിയിലേക്ക് കൊണ്ടുവന്നേക്കും

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ദേവീന്ദർ സിങ്ങിനെതിരെ യു.എ.പി.എ ചുമത്തി എൻ.ഐ.എ; ഡൽഹിയിലേക്ക് കൊണ്ടുവന്നേക്കും

ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം പിടിയിലായ ജമ്മു-കശ്മീർ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെതിരെ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു. യു.എ.പി.എ, ആയുധ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവീന്ദർ സിങ്ങിനെ അന്വേഷണ സംഘം ഡൽഹിയിൽ എത്തിക്കുമെന്നാണ് സൂചന. അതേസമയം, തിങ്കളാഴ്ച എൻ.ഐ.എ അന്വേഷണ സംഘം കശ്മീർ സന്ദർശിക്കും.

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ഇവരെ കടത്താൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ തീവ്രവാദികളുടെ ഉദ്ദേശ്യമെന്തായിരുന്നു? നേരത്തെ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ.ഐ.ഐ അന്വേഷിക്കുക.2001ലെ പാർലമെന്റ് ആക്രമണക്കേസിലും ദേവീന്ദറിന് പങ്കുണ്ടോ എന്നന്വേഷിക്കുമെന്ന് കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.

ദേവിന്ദർ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നിൽക്കുന്ന വീടാണ് ദേവിന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോർപ്സിന്റെ ആസ്ഥാനം. എന്നാൽ അഞ്ചു വർഷമായി വാടക വീട്ടിലാണ് ദേവിന്ദറിന്റെ താമസം. ഈ വീട്ടിൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

Next Story
Read More >>