ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ കാലാനുസൃത ഭേദഗതിയെന്ന് അമിത് ഷാ; സംസ്ഥാന സർക്കാറുകളോട് നിര്‍ദേശം തേടി ആഭ്യന്തര മന്ത്രാലയം

ഹെെദരാബാദ് പൊലീസ് വെടിവെയപ്പിന് ശേഷം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വിചാരണ വൈകുന്നത് സംബന്ധിച്ച് സമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളുയർന്നിരുന്നു. പ്രതികള്‍ക്ക് ശിക്ഷ വൈകുമ്പോള്‍ ഇരകളായവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാണ് വിമര്‍ശനം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ കാലാനുസൃത ഭേദഗതിയെന്ന് അമിത് ഷാ; സംസ്ഥാന സർക്കാറുകളോട് നിര്‍ദേശം തേടി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷയില്‍ കാലതാമസം വരുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവത്തിലും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടത്തിലും (സിആര്‍പിസി) കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഐപിസി, സിആര്‍പിസി എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദേശങ്ങള്‍ നൽകാൻ സംസ്ഥാന സർക്കാറുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുസരിച്ച് ഐപിസിയിലും സിആര്‍പിസിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും അമിത് ഷാ അറിയിച്ചു. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2012ലെ നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും സംബന്ധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇത്രയും വർഷങ്ങൾ കഴിഞ്ഞും നടപ്പാക്കാത്തത് അടക്കമുള്ളവ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നീക്കം. ഓള്‍ ഇന്ത്യന്‍ പോലീസ് യൂണിവേഴ്സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

ബലാത്സംഗവും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയത്തക്ക വിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഹെെദരാബാദ് പൊലീസ് വെടിവെയപ്പിന് ശേഷം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വിചാരണ വൈകുന്നത് സംബന്ധിച്ച് സമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളുയർന്നിരുന്നു. പ്രതികള്‍ക്ക് ശിക്ഷ വൈകുമ്പോള്‍ ഇരകളായവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

Read More >>