മോദി 'നവവധു'വിനെ പോലെ: സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്

സിദ്ദു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന ബി.ജെ.പിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്. പ്രധാനമന്ത്രിയെ നവവധുവായി ഉപമിച്ചതിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് തെരഞ്ഞടുപ്പ് കമ്മീഷന് ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്. സിദ്ദു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

ഇന്‍ഡോറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സിദ്ദുവിന്റെ മോദിക്കെതിരെയുള്ള വിവാദ പരാമര്‍ശം. മോദി നവവധുവിനെ പോലെയാണ്. അവര്‍ കുറച്ച് റൊട്ടികള്‍ മാത്രമേ ഉണ്ടാക്കുകയുള്ളു. പക്ഷേ വളകള്‍ കിലുക്കി വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അവര്‍ വളരെയധികം ജോലി ചെയ്യുകയാണെന്ന് അയല്‍ക്കാര്‍ കരുതും. ഇതാണ് മോദി സര്‍ക്കാരിന്റെ കാര്യത്തിലും നടക്കുന്നതെന്നുമായിരുന്നു സിദ്ദു പറഞ്ഞത്. ടൈംസ് മാസികയുടെ കവര്‍ സ്റ്റോറിയെ സൂചിപ്പിച്ച് മോദി കള്ളം പറയുന്നതിന്റെ തലവന്‍, ഭിന്നിപ്പിക്കലിന്റെ തലവന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ ഒക്കെയാണെന്നും സിദ്ദു ആരോപിച്ചിരുന്നു.

എന്നാല്‍ സിദ്ദുവിന്റെ 'നവവധു' പരാമര്‍ശത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുയായിരുന്നു. ഇതെതുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിദ്ദുവിന് നോട്ടീസ് അയച്ചിരുന്നു.

Read More >>