കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തതാണ് കാരണം

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തതാണ് കാരണം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് കനത്ത് മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ തെക്കന്‍തീരത്തും കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു.

ശ്രീലങ്കക്ക് സമീപം ഇന്ത്യന്‍മഹാസമുദ്രത്തിലാണ് ന്യൂനമര്‍ദ്ദം രൂപമെടുത്തത്. ഇത് അതി തീവ്രന്യൂനമര്‍ദ്ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടും.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം.

ഇപ്പോള്‍ കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ് . തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് കടല്‍കയറി. തീരത്ത് താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരത്തെ തീരമേഖലകളില്‍ 200ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇതുവരെ ഇരുപത് വീടുകള്‍ ഇവിടെ തകര്‍ന്നു കഴിഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ തീരപ്രദേശത്ത് ഇന്ന് സന്ദര്‍ശനം നടത്തി.

Read More >>