11 ഇടത്ത് മുന്നില്‍; കർണാടകയിൽ ബി.ജെ.പി ആഘോഷം തുടങ്ങി

സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്

11 ഇടത്ത് മുന്നില്‍; കർണാടകയിൽ  ബി.ജെ.പി ആഘോഷം തുടങ്ങി

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി 11 സീറ്റുകളില്‍ മുന്നേറുന്നു. ഇതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.

കർണാടക സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്നതാകും ഫലം. ആറു സീറ്റെങ്കിലും നേടിയാലേ ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ സാധിക്കൂ. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു.

എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. 12 സീറ്റുവരെ ബി.ജെ.പി നേടുമെന്നായിരുന്നു എക്‌സിറ്റ് പ്രവചനം. എന്നാൽ സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം. ബി.ജെ.പി ടിക്കറ്റിൽ 13 കോൺഗ്രസ്-ദൾ വിമതർ മത്സരിക്കുന്നുണ്ട്. ഇവരുടെ ഭാവിയും ഇന്ന് വ്യക്തമാകും.

67.91 ശതമാനമായിരുന്നു പോളിങ്. കുറഞ്ഞത് ആറുസീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ ബി.ജെ.പി പ്രതിസന്ധിയിലാകും. അങ്ങനെ വന്നാൽ ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതുകൊണ്ട് ജെ.ഡി.എസിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും. ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Read More >>