സോണിയ ഗാന്ധിയെ പിന്തുടരൂ, പ്രതികളോട് ക്ഷമിക്കൂവെന്ന് നിർഭയയുടെ അമ്മയോട് ഇന്ദിര ജെയ്‌സിങ്; താങ്കളെപ്പോലുള്ളവരാണ് ഇരകൾക്ക് നീതി നിഷേധിക്കുന്നതെന്ന് ആശാ ദേവി

നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

സോണിയ ഗാന്ധിയെ പിന്തുടരൂ, പ്രതികളോട് ക്ഷമിക്കൂവെന്ന് നിർഭയയുടെ അമ്മയോട് ഇന്ദിര ജെയ്‌സിങ്; താങ്കളെപ്പോലുള്ളവരാണ് ഇരകൾക്ക് നീതി നിഷേധിക്കുന്നതെന്ന് ആശാ ദേവി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മാതൃകയാക്കി നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കാൻ മാതാവ് ആശാ ദേവിയോട് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്. കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഡൽഹി ഹൈക്കോടതി നീട്ടിവച്ചതിന് പിന്നാലെ ആശാ ദേവി നിരാശ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ദിര ജെയ്‌സിങ് ട്വിറ്ററിലൂടെ ആശാ ദേവിയോട് പ്രതികളോട് ക്ഷമിക്കാൻ ആവശ്യപ്പെട്ടത്. 'നളിനിക്ക് വധശിക്ഷ നൽകേണ്ടതില്ലെന്ന് പറഞ്ഞ് സോണിയ ഗാന്ധി അവരോട് ക്ഷമിച്ചതുപോലെ നിങ്ങളും പ്രതികളോട് ക്ഷമിക്കണം. ആശാദേവിയുടെ വേദന പൂർണ്ണമായും മനസ്സിലാക്കികൊണ്ട് തന്നെയാണ് ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, പക്ഷേ, വധ ശിക്ഷയ്ക്ക് എതിരാണ്.'- ജെയ്‌സിങ് ട്വീറ്റ് ചെയ്തു.

1991ൽ രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനോട് താൽപര്യമില്ലെന്ന് സോണിയ പറഞ്ഞിരുന്നു.

എന്നാൽ, ഇന്ദിര ജെയ്‌സിങ്ങിന്റെ നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി ആശാ ദേവി രംഗത്തെത്തി. 'ഇതുപോലെ ഒരു നിർദ്ദേശം വയക്കാൻ ഇന്ദിര ജെയ്‌സിങ് ആരാണ്? പ്രതികളെ തൂക്കിലേറ്റണമെന്ന് ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ജെയ്‌സിങ്ങിനെപ്പോലുള്ളവർ കാരണമാണ് ബലാത്സംഗ കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാതിരിക്കുന്നത്. '-ആശാ ദേവി പറഞ്ഞു.

അതേസമയം, നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് തൂക്കിലേറ്റുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ തീയതി മാറ്റുകയായിരുന്നു. വധശിക്ഷയിൽ ഇളവു തേടി പ്രതികളിലൊരാളായ മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെ തുടർന്നാണ് തൂക്കിലേറ്റുന്ന തീയതി കോടതി പ്രഖ്യാപിച്ചത്. വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തൽ ഹർജി സുപ്രിം കോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹർജി നൽകിയത്. ദയാഹർജി തള്ളണമെന്ന് ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.കേസിൽ 2 പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രിം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിന്നത്. ' ദയാഹർജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തളളിയതിനുപിന്നാലെ മണിക്കൂറുകൾക്കകമാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ തൂക്കിലേറ്റുന്ന ദിവസം പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നിന് ആറു മണിക്കാണ് തൂക്കിലേറ്റുക.ജനുവരി 17-ാം തിയ്യതി കൂടി കണക്കാക്കി കൃത്യം പതിനാലാം ദിവസമാണ് ഇവരെ തൂക്കിലേറ്റുന്നത്. ദയാഹർജി തള്ളിയ ശേഷം 14 ദിവസം കഴിഞ്ഞേ തൂക്കിലേറ്റാവു എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി ഒന്നിലേക്ക് മാറ്റിയത്.

Next Story
Read More >>