തീപന്തുകളുമായി കിവീസ്, ധോണിയ്ക്കും ജഡേജയ്ക്കും രക്ഷിക്കാനായില്ല; ഇന്ത്യയെ തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ അവിശ്വസനീയമായ തകർച്ചയാണ് നേരിട്ടത്.

തീപന്തുകളുമായി കിവീസ്, ധോണിയ്ക്കും ജഡേജയ്ക്കും രക്ഷിക്കാനായില്ല; ഇന്ത്യയെ തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ

ബൗളിങ്ങിലും ഫീൾഡിങ്ങിലും തിളങ്ങി ന്യൂസിലാൻഡ് ഫൈനൽ പ്രവേശനം ​ഗം​ഭീരമാക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 49.3 പന്തിൽ 221 റൺസിന് പുറത്തായി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ അവിശ്വസനീയമായ തകർച്ചയാണ് നേരിട്ടത്. പത്തോവർ എത്തും മുൻപ് തന്നെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ മുൻ ചാമ്പ്യൻമാർക്ക് 31 ഓവറിനു മുൻപ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (1), കെ.എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

തകർച്ചയ്ക്കിടെ ഏഴാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ധോനി - ജഡേജ സഖ്യം നൂറു റൺസ് കൂട്ടുകെട്ടുമായി മുന്നേറിയപ്പോൾമാത്രമാണ് ഇന്ത്യക്ക് നേരിയ വിജയപ്രതീക്ഷ നൽകിയത്. 59 പന്തിൽ നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റൺസെടുത്ത ജഡേജയെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തു പുറത്താക്കിയതോടെ ഇന്ത്യ തകർന്നു.48-ാം ഓവറിലെ ആദ്യ പന്ത് സിക്സ്ടിച്ച് ധോണി പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്തിൽ താരം റണൗട്ടായതോടെ കളി പൂർണ്ണമായും കൈവിട്ടു. ധോണി 72 പന്തിൽ 50 റൺസുമെടുത്തു.നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.

തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.

നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു.

ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി

Read More >>