കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

അതേസമയം ഉച്ചയോടെ കാലാവസ്ഥയില്‍ മാറ്റം വന്നതോടെ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നിന്നും കൊല്ലത്തും വിഴിഞ്ഞത്തും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തീരത്ത് തിരിച്ചെത്തി. ബുധനാഴ്ച വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. ക്ഷീണിതരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞം പല്ലുവിള കൊച്ചുപള്ളി പെള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍(55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി(50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), നെടിയവിളാകം പുരയിടത്തില്‍ ബെന്നി(33) എന്നിവരെയാണ്‌ വിഴിഞ്ഞത്ത് നിന്നും കാണാതായിരുത്‌ മത്സ്യബന്ധനത്തിനായി ബുധനാഴ്ച വിഴിഞ്ഞം ഭാഗത്ത് നിന്ന് പോയ ഇവര്‍ ഇന്നലെ തിരികെ എത്തേണ്ടതായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇവര്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് തീരത്ത് വലിയ പ്രതിഷേധമാണുയര്‍ന്നത്. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ തിരച്ചിലിന് പോകാനും ശ്രമം നടത്തിയിരുന്നു.

മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയതായി വിവരം തീരത്തെത്തിയത്. നാലുപേരും ഉച്ചയ്ക്ക് 12ഓടെ തീരത്തെത്തുകയും അവശ നിലയിലായ ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കടലില്‍ അകപ്പെട്ടതെന്നാണ് വിവരം.

കൊല്ലത്ത് മല്‍സ്യബന്ധനം വള്ളം മറിഞ്ഞ് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ഥ് രാജ്, സഹായരാജ് എന്നിവരെയാണ് ഇന്നലെ കാണാതായത്. കൂടെയുണ്ടായിരുന്ന തമിഴ്നാട് കൊല്ലംകോട് നീരോടി പൊഴിയൂര്‍ സ്വദേശി സ്റ്റാന്‍ലി, നിക്കോളാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ഇവര്‍ മല്‍സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ തകരുകയായിരുന്നു.

ശക്തമായ കടല്‍ക്ഷോഭവും മണിക്കൂറില്‍ 45 കി.മീ വേഗത്തില്‍ ഉള്‍ക്കടലില്‍ നിന്ന് കരയിലേക്ക് അടിക്കുന്ന ശക്തമായ കാറ്റും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരിക്കുകയാണ്. കാറ്റ് ശക്തമായതിനാല്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നുള്ള തെരച്ചില്‍ സാദ്ധ്യമല്ലെന്ന് വ്യോമസേന രാവിലെ അറിയിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഡോണിയര്‍ വിമാനം ഉപയോഗിച്ചുള്ള തെരച്ചിലും രാവിലെ സാദ്ധ്യമായിരുന്നില്ല.

കൊച്ചിയില്‍ നിന്നും മുട്ടത്ത് നിന്നുമെത്തിയ കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലുകളാണ് നിലവില്‍ മുഴുവന്‍ സമയതെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നത്. അതേസമയം ഉച്ചയോടെ കാലാവസ്ഥയില്‍ മാറ്റം വന്നതോടെ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നിന്നും കൊല്ലത്തും വിഴിഞ്ഞത്തും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കപ്പല്‍ ചാല്‍വഴി പോകുന്ന യാത്രാ കപ്പലുകള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും കാണാതായ മത്സ്യതൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നു. കടലില്‍ എവിടെയെങ്കിലും ഇവരെ കണ്ടെത്തിയാല്‍ രക്ഷിക്കുന്നതിനും വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാനുമാണ് നിര്‍ദേശം

Read More >>