ഞാൻ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്ന് നിർമല സീതാരാമൻ; വിലക്കയറ്റത്തെ പരിഹസിച്ചു മന്ത്രി

ഉള്ളിവില വർദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നായിരുന്നു നിർമലയുടെ പ്രതികരണം. ഉള്ളി വിലവർദ്ധന സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി

ഞാൻ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്ന് നിർമല സീതാരാമൻ; വിലക്കയറ്റത്തെ പരിഹസിച്ചു മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഉള്ളി വില അനിയന്ത്രിതമായി വർദ്ധിക്കവെ അതു സംബന്ധിച്ച് പാർലമെന്റിൽ അസാധാരണമായ പ്രസ്താവനയുമായി ധനമന്ത്രി നിർമല സീതാരാമൻ. ഉള്ളിവില വർദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നായിരുന്നു നിർമലയുടെ പ്രതികരണം. വിലവർദ്ധന സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി. ഉള്ളി തന്റെ കുടുംബത്തിന്റെ ഭക്ഷണത്തിൽ അവശ്യഘടകമല്ലെന്നും അതിനാൽ ഉള്ളി വില വർദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നും നിര്‍മല പറഞ്ഞു.

'ഞാൻ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ല, അതു കൊണ്ട് ഒരു പ്രശ്നവുമില്ല, ഉള്ളി അധികം ഉപയോഗിക്കാത്ത വീട്ടിൽ നിന്നാണ് ഞാന് വരുന്നത്. ' -മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ മറ്റു അംഗങ്ങൾ ചിരിയോടെ ഏറ്റെടുത്തു. കൂടുതൽ ഉള്ളികഴിക്കുന്നവരിൽ കോപം കൂടുതലായിരിക്കുമെന്ന് ഇതിന് ഒരു പാർലമെന്‍റ് അംഗം മറുപടി നൽകി. വില വര്‍ദ്ധന രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പരിഹാസ പ്രസ്താവന.

രാജ്യത്ത് ഉള്ളി വില വർദ്ധന നിയന്ത്രിക്കുന്നതിന് കേന്ദ്രം സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. കയറ്റുമതി നിരോധനമേർപ്പെടുത്തിയതായും സ്‌റ്റോക്ക് പരിധി നടപ്പാക്കിയതായും നിർമല പറഞ്ഞു. കൂടാതെ ഇറക്കുമതി വർദ്ധിപ്പിക്കുകയും ഉള്ളി മിച്ചമുള്ള ഇടത്തു നിന്നും ഇല്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നുണ്ട്.ഇടപാടുകളിൽ നിന്ന് ദല്ലാൾമാരേയും ഇടനിലക്കാരേയും പൂർണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാർലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. നിലവിൽ രാജ്യത്ത് ഉള്ളിയുടെ വില 110 മുതൽ 160 രൂപ വരെയാണ്.വില ഉയർന്നതോടെ ഉള്ളി മോഷണവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. .

Next Story
Read More >>