അയോധ്യ ഭൂമിതര്‍ക്ക കേസ്: വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി; നവംബർ ആദ്യ വാരം വിധി പറഞ്ഞേക്കും

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്. ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേൾക്കൽ ആരംഭിച്ചത്.

അയോധ്യ ഭൂമിതര്‍ക്ക കേസ്: വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി; നവംബർ ആദ്യ വാരം വിധി പറഞ്ഞേക്കും

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു. അഭിഭാഷകർക്ക് തങ്ങളുടെ വാദം എഴുതി സമർപ്പിക്കാൻ മൂന്ന് ദിവസം കൂടി നൽകും. 40 ദിവസത്തെ മാരത്തോണ്‍ വാദം കേള്‍ക്കലിനാണ് ഇന്ന് അവസാനമായത്. നവംബര്‍ 17-ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാല്‍ അതിനു മുന്‍പുള്ള ഏത് ദിവസത്തിലും അയോധ്യകേസിലെ വിധി പ്രതീക്ഷിക്കാം.

അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചതെന്ന് അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നാടകീയ സംഭവങ്ങളാണ് വാദം കേള്‍ക്കലിന്റെ അവസാനദിനമായ ഇന്ന് കോടതിയിൽ അരങ്ങേറിയത്. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറി.

ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറിക്കളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ ധവാന്‍ രേഖ വലിച്ചു കീറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കക്ഷികളുടെ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കം കോടതിയെ പ്രകോപിപ്പിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹരജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തളളിക്കളഞ്ഞു. ഭൂമിക്കേസിൽ ഇത്രയും ഹർജി മതിയെന്നും ഇനിയൊരു ഹരജി ഇനി അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്. ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേൾക്കൽ ആരംഭിച്ചത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ.നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.

അതേസമയം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പള്ളി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്. വിധിപ്രസ്താവത്തെ തുടര്‍ന്നുള്ള ആഘോഷങ്ങളും മറ്റും സംപ്രേക്ഷണം ചെയ്യരുത്. ചാനല്‍ ചര്‍ച്ചകളില്‍ തീവ്രപരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും എന്‍ബിസിഎ വ്യക്തമാക്കുന്നു.

Read More >>