സുരക്ഷ കര്‍ശനമാക്കുന്നു; ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍

കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു.

സുരക്ഷ കര്‍ശനമാക്കുന്നു;  ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്നങ്ങളെ സംബന്ധിച്ച് കെ.സി. ജോസഫ് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഈ സാഹചര്യത്തില്‍ ജയിലുകളിലെ പരിശോധന കര്‍ശനമാക്കും. ജയില്‍ കവാടത്തിലെ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കും. ചില തടവുകാരെ ജയില്‍മാറ്റും. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകള്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയും ജയിലില്‍ നിന്ന് പിടിച്ചിരുന്നു. ടി പി വധക്കേസ് പ്രതികളടക്കമുള്ളവരുടെ അടുത്ത് നിന്നായിരുന്നു ഫോണുകള്‍ പിടിച്ചെടുത്തത്.

Read More >>