മോദി ബയോപിക് അര്‍ഹിക്കുന്നില്ല; കോമഡിചിത്രമാണ് വേണ്ടതെന്ന് ഊര്‍മിള മഡോദ്കര്‍

അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നിര്‍മിക്കുന്ന ചിത്രം രാജ്യത്തെ തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തേയും വൈവിധ്യത്തേയും എല്ലാം തമാശയാക്കി അവതരിപ്പിക്കും. ഇതിനെക്കാള്‍ നല്ലത് അദ്ദേഹത്തിന്റെ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ഒരു കോമഡിചിത്രം നിര്‍മിക്കുന്നതായിരിക്കും

മോദി ബയോപിക് അര്‍ഹിക്കുന്നില്ല; കോമഡിചിത്രമാണ് വേണ്ടതെന്ന് ഊര്‍മിള മഡോദ്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിള മഡോദ്കര്‍. സര്‍ക്കാറിന്റെ തലപ്പത്തിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി ബയോപിക് ചിത്രം അര്‍ഹിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ബയോപികിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള കോമഡിചിത്രമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ടിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന മോദിയുടെ ജീവിതകഥ ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ തമാശയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നിര്‍മിക്കുന്ന ചിത്രം രാജ്യത്തെ തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തേയും വൈവിധ്യത്തേയും എല്ലാം തമാശയാക്കി അവതരിപ്പിക്കും. ഇതിനെക്കാള്‍ നല്ലത് അദ്ദേഹത്തിന്റെ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ഒരു കോമഡിചിത്രം നിര്‍മിക്കുന്നതായിരിക്കും- ഊര്‍മിള മഡോദ്കര്‍ പി.ടി.ഐ.യോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ചലച്ചിത്രതാരമായ ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായ ഗോപാല്‍ ഷെട്ടിക്കെതിരേയാണ് ഊര്‍മിള ജനവിധി തേടുന്നത്.

വിവേക് ഒബ്റോയി നായകനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് കമ്മിഷന്‍ ചിത്രത്തിൻെറ റിലീസ് തടഞ്ഞത്. തെരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ടലംഘനമാണെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണു നടപടിയെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.

Next Story
Read More >>