അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് പാർലമെന്റ് ആക്രമണത്തിൽ പങ്ക്? അന്വേഷിക്കുമെന്ന് അധികൃതർ

തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദർ സിങ് പിടിയിലായത്

അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് പാർലമെന്റ് ആക്രമണത്തിൽ പങ്ക്? അന്വേഷിക്കുമെന്ന് അധികൃതർ

ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം പിടിയിലായ ജമ്മു-കശ്മീർ പൊലീസ് സൂപ്രണ്ട് ദേവിന്ദർ സിങ്ങിന് 2001ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരുമെന്ന് അധികൃതർ.

പാർലമെന്റ് ആക്രമണത്തിൽ ദേവിന്ദർ സിങ്ങിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ജമ്മു-കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ്ങിന്റെ മറുപടി ഇങ്ങനെ: 'എന്തെങ്കിലും സംശയം തോന്നിയാൽ പരിശോധിക്കും. ഒരു വശവും പരിശോധിക്കുന്നതിന് തടസ്സമില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല.'കേസ് എൻ.ഐ.എയ്ക്ക് കൈമാറി.

ജമ്മു-ശ്രീനഗർ ഹൈവേയിൽ വച്ച് മൂന്ന് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദർ സിങ് പിടിയിലായത്.

ദേവിന്ദർ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നിൽക്കുന്ന വീടാണ് ദേവിന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോർപ്സിന്റെ ആസ്ഥാനം. എന്നാൽ അഞ്ചു വർഷമായി വാടക വീട്ടിലാണ് ദേവിന്ദറിന്റെ താമസം. ഈ വീട്ടിൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

കുൽഗാം ജില്ലയിലെ വാൻപോയിൽ സ്വദേശിയും ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയുമായ നവീദ് ബാബു, മുൻ സ്‌പെഷ്യൽ പോലീസ് ഓഫീസറും തീവ്രവാദിയുമായ അൽത്താഫ് എന്നിവർക്കാണ് സിങ് അഭയം നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഇവർ ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. ദേവിന്ദർ സിങ്ങിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്ന് എ.കെ 47 തോക്കും രണ്ടു പിസ്റ്റളും കണ്ടെടുത്തിരുന്നു.

Next Story
Read More >>