ആന്തൂരിലെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു ചുമതല.

ആന്തൂരിലെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു ചുമതല.

പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസിവ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

സംഭവത്തില്‍ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ അദ്ധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നഗരസഭയിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

Read More >>