ശ്രീലങ്കയിലെ പള്ളികളിൽ സ്‌ഫോടനം: മരണസംഖ്യ 215 ആയി

അഞ്ഞൂറോളം പേര്‍ക്കു പരുക്കേറ്റു. കാസര്‍കോട് മെഗ്രാല്‍ സ്വദേശി റെസീനയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ശ്രീലങ്കയിലെ പള്ളികളിൽ സ്‌ഫോടനം: മരണസംഖ്യ 215 ആയി

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരണസംഖ്യ 215 ആയി. അഞ്ഞൂറോളം പേര്‍ക്കു പരുക്കേറ്റു. കാസര്‍കോട് മെഗ്രാല്‍ സ്വദേശി റെസീനയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാര്‍. കൊളംബോയിലെ നാഷനല്‍ ഹോസ്പിറ്റലിലാണ് ലോകാശിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പരിസര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്േഫാടനത്തില്‍ 35ഓളം വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രാര്‍ഥനക്ക് എത്തിയ വിശ്വസികളാണ് സ്‌ഫോടനത്തിനിരയായവരില്‍ ഭൂരിഭാഗവും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നിരോധനാജ്ഞ എന്നു വരെ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഫയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു.

Read More >>